കോഴിക്കോട്: കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെട്ട ഡയാലിസ് ആവശ്യമുള്ള വൃക്ക രോഗികള്‍ക്ക് സര്‍ക്കാര്‍ നടപടി ദുരിതമാകുന്നു. മാര്‍ച്ച് മാസത്തോടെയാണ് കാരുണ്യാ ചികിത്സാ സഹായനിധി നിര്‍ത്തിയത്. പദ്ധതിയില്‍ തുക ബാക്കിയുള്ളവര്‍ക്കും ഇതോടെ സഹായം നിര്‍ത്തുകയായിരുന്നു.
ഏതാണ്ട് ഒരു ഡയാലിസിന് രണ്ടായിരത്തോളം രൂപ ചെലവ് വരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതില്‍ 650 രൂപ കാരുണ്യ പദ്ധതിയിലുള്ളവര്‍ക്ക് കിഴിവ് ലഭിച്ചിരുന്നു. ഈ സഹായവും ഇല്ലാതായതാണ് കുടുതല്‍ ദുരിതമായിരിക്കുകയാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലുള്ള ചില സ്വകാര്യ ആശുപത്രികള്‍ മരുന്ന്, ഡോക്ടറുടെ ഫീസ് തുടങ്ങി പലയിനങ്ങളിലുമായി സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത തുകയാണ് ചുമത്തുന്നത്. ആഴ്ച്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസ് വേണ്ടിവരുന്ന രോഗികള്‍ക്ക് ഇത് കടുത്ത പ്രതിസന്ധിയാവുകയാണ്.
ഗവ. മെഡിക്കല്‍ കോളേജില്‍ 196 രൂപ വിലയുള്ള മരുന്നിന് ചില സ്വകാര്യ ആശുപത്രികള്‍ 400 രൂപയിലധികം ഈടാക്കുന്നതായാണ് ആരോപണം. അതേസമയം കോവിഡ് സാഹചര്യമായതിനാല്‍ മെഡിക്കല്‍ കോളേജില്‍ ഡയാലിസ് അസാദ്ധ്യമായിരിക്കുകയാണ്.
കാരുണ്യ പദ്ധതിയില്‍ ബാക്കിയുള്ള തുക നല്‍കുകയും ആരോഗ്യ പദ്ധതിയില്‍ പെടാത്ത സഹകരണാശുപത്രികളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ ഡയാലിസ് വേണ്ടിവരുന്ന രോഗികള്‍ക്ക് അല്പം ആശ്വാസമാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: