ഇടുക്കി: ജില്ലയില്‍ ഇന്നലെ നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഇതോടെ ആകെ രോഗം ബാധിച്ചവര്‍ 54 ആയി.
കുമളി സ്വദേശികളായ അമ്മയ്ക്കും (35 വയസ്) രണ്ട് മക്കള്‍ക്കുമാണ് (10 വയസ്, 12 വയസ്) രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നും മെയ് 31ന് സ്വന്തം വാഹനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്.
നെടുങ്കണ്ടം സ്വദേശിയായ 30 വയസുകാരനാണ് നാലമത്തെയാള്‍. 4ന് ദുബായില്‍ നിന്നും നാട്ടിലെത്തിയ ആളാണ്. ജില്ലയില്‍ ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. ഇവരെയെല്ലാം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് രാത്രിയോടെ മാറ്റി. ഇതിന് മുമ്പ് ഏഴിനാണ് ജില്ലയില്‍ അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം ചൊവ്വാഴ്ച അബുദാബിയില്‍ നിന്നെത്തിയ തൊടുപുഴ സ്വദേശി രോഗ മുക്തി നേടിയിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ 41 കാരനാണ് കഴിഞ്ഞ മാസം 17നാണ് നാട്ടിലെത്തിയത്. പിന്നീട് 29ന് ആണ് ഇയാള്‍ക്ക് രോഗം കണ്ടെത്തുന്നത്.
ഈ മാസം മാത്രം ജില്ലയില്‍ ഇതുവരെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കഴിഞ്ഞമാസം രോഗം സ്ഥിരീകരിച്ച ആറ് പേരും ചികിത്സയിലുണ്ട്. ആകെ ചികിത്സയിലുള്ളവരില്‍ 13 പേര് വീതം തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി ജില്ലാ ആശുപത്രിയിലുമാണുള്ളത്. ഒരാള്‍ മലപ്പുറത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.
ഇന്നലെ മാത്രം 2 പേരെ പുതിയതായി ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. 3368 പേരാണ് ആകെ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 211 പേരെ ഒഴുവാക്കിയപ്പോള്‍ പുതിയതായി 307 പേര് നിരീക്ഷണത്തിലെത്തി. 6197 പേരുടെ സാമ്പിളുകള്‍ ഇതുവരെ ശേഖരിച്ചപ്പോള്‍ ഇനി ലഭിക്കാനുള്ളത് 343 പേരുടെ ഫലം കൂടിയാണ്. മറ്റ് ജില്ലകളിലെ കേസുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലയില്‍ രോഗികളുടെ എണ്ണത്തിലുള്ള കുറവ് ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും വലിയ ആശ്വാസമാണ് നല്‍കുന്നത്.
അതേസമയം ക്വാറന്റൈനിലുള്ളവരുടെ എണ്ണം സംബന്ധിച്ച് സംസ്ഥാന-ജില്ലാ ആരോഗ്യ വകുപ്പ് നല്കുന്ന കണക്കുകള്‍ സംബന്ധിച്ച് പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു. ഇതിലെ പിശക് ചൂണ്ടിക്കാട്ടി ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഏതാണ്ട് ഇരട്ടിയോളം വ്യത്യാസമാണ് ഇരു കണക്കുകളിലുമായുള്ളത്.
125 പേര്‍ക്ക് റാപ്പിഡ് ആന്റിബോഡി പരിശോധന
തൊടുപുഴ: ജില്ലയില്‍ രണ്ടുദിവസത്തിനുള്ളില്‍ 125 പേര്‍ക്ക് റാപ്പിഡ് ആന്റിബോഡി പരിശോധന നടത്തി. ഇതില്‍ രോഗബാധ സംശയിക്കുന്നവരുടെ സ്രവം ശേഖരിച്ചും പരിശോധന നടത്തും. കൊറോണ സാമൂഹിക വ്യാപന സാധ്യത മനസിലാക്കുന്നതിനായാണ് റാപ്പിഡ് ആന്റിബോഡി പരിശോധന സംസ്ഥാനത്തെമ്പാടും കഴിഞ്ഞ ഒമ്പതുമുതല്‍ ആരംഭിച്ചത്.
പരിശോധനയ്ക്കായി വ്യത്യസ്തമായാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. ജില്ലയില്‍ ആദ്യഘട്ടമായി 11 വിഭാഗങ്ങളിലായി 500 പേര്‍ക്കാണ് പരിശോധന നടത്തുന്നത്. ഡോക്ടറും സ്റ്റാഫ് നഴ്സും ലാബ് ടെക്നീഷ്യനുമടങ്ങുന്ന പ്രത്യേക ടീം സ്ഥലത്തെത്തിയാണ് പരിശോധന നടത്തുന്നത്.
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക്
കുമളി: ചെന്നെയില്‍ നിന്നെത്തിയ വീട്ടമ്മയും, അവരുടെ രണ്ട് മക്കളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ആണ് കുമളി പഞ്ചായത്തില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 31ന് അതിര്‍ത്തി ചെക് പോസ്റ്റിലൂടെ കുമളി ടൗണിന് കേവലം ഒരു കിലോ മീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍.
മൂന്ന് ദിവസം മുന്‍പ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തി ഇന്നലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. പീന്നീട് ജില്ലയിലെ കോവിഡ് രോഗ ചികിത്സ കേന്ദ്രമായ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സക്കായി മൂവരെയും മാറ്റി. ആകെ ഏട്ട് പേരടങ്ങുന്ന സംഘമാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയവരോടൊപ്പം തമിഴ്നാട്ടില്‍ നിന്നെത്തിയത്. ചെക്ക്പോസ്റ്റിലെത്തിയ ഈ സംഘത്തെ കുമളിയില്‍ നിന്ന് ടാക്സി വാഹനത്തില്‍ അവരവരുടെ സ്വദേശത്തേക്ക് എത്തിക്കുകയായിരുന്നു.
ഈ വാഹനങ്ങളുടെ ഡ്രൈവര്‍മാരോട് നീരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. അതേസമയം ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ കൃത്യമാസ രീതിയില്‍ ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് എത്തിയ ഇവര്‍ വേണ്ട രീതിയില്‍ സാമൂഹ്യ അകലം പാലിച്ചില്ലെന്നും ഇവരെ വീട്ടിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവര്‍ പീന്നീട് ഒന്നിലധികം തവണ സവാരി നടത്തിയതായും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: