മണ്ണാര്‍ക്കാട് : മൈലാംപാടത്ത് വീണ്ടും പുലിയെ കണ്ടതോടെ ജനങ്ങള്‍ ഭീതിയില്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വളര്‍ത്തുമൃഗങ്ങളെ അക്രമിച്ചിരുന്ന പുലിയെ വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ടിരുന്നു. വീണ്ടും ഇതേ ഭാഗത്താണ് പുലി പ്രത്യക്ഷപ്പെട്ടത്. മെയ് 29 ന് മൈലാംപാടത്ത് പുലിയെത്തിയതായി ക്ലബ്ബില്‍ സ്ഥാപിച്ച സിസിടിവിയില്‍ വ്യക്തമായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മലയടിവാരമായ ആവണക്കുന്നില് പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. നെച്ചുള്ളിലും കാരാപ്പാടം, പൊതുവപ്പാടം മേഖലയിലും പുലിയെ കണ്ടവരുണ്ട്. ഇന്നലെ രാത്രിയില്‍ മൈലാംപാടത്ത് ജനവാസമുള്ളിടത്താണ് പുലിയെ കണ്ടത്. നാട്ടുകാര്‍ പിന്തുടര്ന്നെങ്കിലും പുലി മറഞ്ഞു. ഭീതിയിലായ ജനങ്ങള്‍ വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
പുലിയെ കെണിവെച്ച് പിടിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പുലിയെ പിടിച്ച് ജനങ്ങള്‍ക്ക് സൈ്വര്യജീവിതത്തിനുള്ള അവസരമുണ്ടാക്കണമെന്ന് പഞ്ചായത്തംഗം ജോസ് കൊല്ലിയിലും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: