യുദ്ധസമാനമായ സാഹചര്യമായിരുന്നു ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍. ഒരു മാസമായി നിലനില്‍ക്കുന്ന ഈ സ്ഥിതി വിശേഷത്തിന് ഇപ്പോള്‍ ആശ്വാസമായിരിക്കുന്നു. പ്രശ്നത്തില്‍ ഇടപെടാന്‍ അമേരിക്കയും മറ്റും താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഇന്ത്യയുടെ നിലപാട് അതിനോട് യോജിക്കുന്നതായിരുന്നില്ല. പ്രശ്നപരിഹാരം ആഗ്രഹിച്ച എല്ലാ രാജ്യങ്ങളോടും അവരുടെ തലവന്മാരോടും നല്ല നമസ്കാരം പറയാന്‍ ഇന്ത്യ മടിച്ചില്ല. അതോടൊപ്പം തര്‍ക്കപ്രശ്നം പരിഹരിക്കാനുള്ള ത്രാണി ഞങ്ങള്‍ക്കുണ്ടെന്നും ആര് ചൊറിയാന്‍ വന്നാലും പിന്നെ കൈ കാണില്ലെന്നും അറിയിക്കാന്‍ ഇന്ത്യ തയാറാവുകയും ചെയ്തു. അതിന്റെ ഫലം കണ്ടു. പ്രശ്നത്തില്‍ സമവായമെത്തിയെന്നാണ് ചൈന ഏറ്റവും ഒടുവില്‍ വ്യക്തമാക്കിയത്. ഇന്ത്യയുമായി ഇനി ഒരു പ്രശ്നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി. ആവശ്യമെങ്കില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരും. സൈനികതല ചര്‍ച്ചകളില്‍ പ്രശ്നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവും വ്യക്തമാക്കി. സൈനിക ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടു വച്ച ആവശ്യം അംഗീകരിച്ച് നിയന്ത്രണരേഖയില്‍ നിന്ന് രണ്ടര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്മാറിയിരുന്നു. വിഷയത്തില്‍ കര്‍ശന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നതിന്റെ പ്രതിഫലനമാണിത്. ആവശ്യമെങ്കില്‍ ആദ്യം ആക്രമിക്കാനും തയാറാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. സൈനികതല ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ചൈന അംഗീകരിച്ചിരിക്കുകയാണ്. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ നിയന്ത്രണരേഖയില്‍ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിന്‍വലിച്ചു.
നേരത്തേ, ചൈനയുടെ കൈയൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ടെന്നും രാജ്നാഥ് സിങ്ങും അമിത്ഷായും വ്യക്തമാക്കിയിരുന്നു. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആക്രമിക്കാനും മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. ലഡാക്ക് പ്രവിശ്യയിലുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ അനുവദിച്ചു തരില്ല.രാജ്യം ഇതിനോട് ഇനിയും നിശ്ശബ്ദത പാലിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ ഒരു ഇളവും ഉണ്ടാകില്ല. കൈയുംകെട്ടി നോക്കിയിരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അവര്‍ താക്കീത് നല്‍കിയതാണ്.
നെഹ്റുവിന്റെ കാലത്ത് ഇന്ത്യാ-ചൈനാ ഭായി ഭായി എന്ന മുദ്രാവാക്യം വാനിലുയര്‍ന്നപ്പോള്‍ അതിന് ഭംഗം വരുത്തിയത് ചൈനയാണ്. ഇന്ത്യയുടെ മണ്ണ് സ്വന്തമാക്കാനുള്ള അവരുടെ കൊതി ഒരു യുദ്ധത്തിലേയ്ക്കാണ് കൊണ്ടു ചെന്നെത്തിച്ചത്. യുദ്ധം ആഗ്രഹിക്കുകയോ അതിനുള്ള തയ്യാറെടുപ്പില്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്. ഇപ്പോള്‍ കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖയോടു (എല്‍എസി) ചേര്‍ന്നുള്ള ഗല്‍വാന്‍ താഴ്വര, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍ നിന്നു ചൈന രണ്ടര കിലോമീറ്ററും ഇന്ത്യ ഒരു കിലോമീറ്ററും പിന്നോട്ടു മാറി. വ്യക്തമായ ധാരണ പ്രകാരമാണിത്. ഇവിടെ സ്ഥാപിച്ച ടെന്റുകളും ചൈന നീക്കി. പ്രശ്നപരിഹാരത്തിന് ഉന്നത സേനാ കമാന്‍ഡര്‍മാര്‍ ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു നടപടി. അതേസമയം, പാംഗോങ് ട്സോ തടാകത്തിന്റെ വടക്കന്‍ തീരത്തെ മലനിരകളില്‍ ഇരുസേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണെങ്കിലും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കാന്‍ വരും ദിവസങ്ങളില്‍ നടത്തുന്ന നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ ഫലം കണ്ടേക്കുമെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു. മെയ് ആദ്യമാണ് ഗല്‍വാന്‍, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് 3 കിലോമീറ്റര്‍ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. പാംഗോങ് ട്സോയിലെ മലനിരകളില്‍ ഇന്ത്യയുടെ പതിവ് പട്രോളിങ് ചൈന തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ ഇന്ത്യ ചെറുത്തു. ചൈനീസ് സേന പിന്മാറിയാല് തങ്ങളും സൈന്യത്തെ പിന്‍വലിക്കാമെന്ന നിലപാടും സ്വീകരിച്ചതാണ്. ആറേഴ് വര്‍ഷം മുമ്പ് ഏതാണ്ട് 8 കിലോമീറ്ററോളം ഇന്ത്യന്‍ മണ്ണില്‍ ചൈന കടന്നുകയറിയതാണ്. അന്ന് അതിനെ ചെറുക്കാന്‍ അന്നത്തെ ഭരണകൂടം തയ്യാറായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. നെഞ്ചുറപ്പുള്ള സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തപ്പോള്‍ ചൈനയ്ക്ക് ഗത്യന്തരമില്ലാതായി. അതാണ് ഇപ്പോള്‍ അതിര്‍ത്തിയിലുണ്ടായ വിജയത്തിന്റെ കാതല്‍. തന്ത്രപരമായ നീക്കമാണ് ഇപ്പോള്‍ ഇന്ത്യ നടത്തിയത്. അത് മനസ്സിലാക്കാതെയുള്ള പ്രതികരണങ്ങള്‍ വെറും ജല്പ്പനങ്ങള് മാത്രം. ജനം ഇത് തിരിച്ചറിയുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: