കൊച്ചി: ജില്ലയില്‍ ഇന്നലെ നാലു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 58 ആയി. ഈമാസം 2ന് ട്രെയിനില്‍ ദല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയ 32 വയസുള്ള പുത്തന്‍വേലിക്കര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒന്നാമത്തെയാള്‍. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവപരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഈ മാസം 8ന് ഖത്തറില്‍ നിന്ന് കൊച്ചിയിലെത്തിയ 39 വയസുള്ള മൂവാറ്റുപുഴ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഈ മാസം 8ന് മുംബൈയില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ 16 വയസുള്ള കടവന്ത്ര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ദോഹ-കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള കരുമാലൂര്‍ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച നാലാമത്തെയാള്‍. സ്ഥാപന നീരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൂടാതെ കോഴിക്കോട് സ്വദേശിയായ ഒരാളും കളമശേരിയില്‍ ചികിത്സയിലുണ്ട്. ഈ മാസം 2ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള കോഴിക്കോട് സ്വദേശിയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 30ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 44 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും, ഈ മാസം 5ന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള നെടുമ്പാശേരി സ്വദേശിയും ഇന്നലെ രോഗമുക്തി നേടി. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളേജ്, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ യഥാക്രമം ഒന്നു വീതം പേര് വീതവും, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-രണ്ട്, സ്വകാര്യ ആശുപത്രി-ഏഴ് എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം. ഇന്നലെ എട്ടു പേരെ പുതിയതായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളേജ്-മൂന്ന്, സ്വകാര്യ ആശുപത്രികള്‍-അഞ്ച് എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവരുടെ കണക്ക്.
ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 102 ആണ്. കളമശേരി മെഡിക്കല്‍ കോളേജ്-66, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-രണ്ട്, കരുവേലിപ്പടി താലൂക്ക് ആശുപത്രി-ഒന്ന്, ഐഎന്‍എച്ച്എസ് സഞ്ജീവനി-നാല്, സ്വകാര്യ ആശുപത്രികള്‍-29 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം. ഇന്നലെ 639 പേരെ കൂടി ജില്ലയില്‍ പുതിയതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 280 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11619 ആണ്. ഇതില്‍ 10283 പേര് വീടുകളിലും, 538 പേര് കൊറോണ കെയര്‍ സെന്ററുകളിലും, 798 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ജില്ലയിലെ ആശുപത്രികളില്‍ കോറോണ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 58 ആണ്. 54 പേര് കളമശേരി മെഡിക്കല്‍ കോളേജിലും നാലു പേര് ഐഎന്‍എച്ച്എസ് സഞ്ജീവനി ആശുപത്രിയിലും ചികിത്സയിലുണ്ട്. ജില്ലയില്‍ നിന്ന് ഇന്നലെ 147 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇന്നലെ 112 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ നാലെണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവുമാണ്. ഇനി 252 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: