കണ്ണൂര്‍: കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ തുടരുന്നു. റിമാന്‍ഡ് പ്രതികളായ ആറളത്തെ മണിക്കുട്ടനും കാസര്‍കോട് സ്വദേശി റംസാനുമാണ് ചൊവ്വാഴ്ച രാത്രി തോട്ടടയിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഇതില്‍ മണിക്കുട്ടനെ രാത്രിയോടെ പിടികൂടിയെങ്കിലും റംസാനായി തിരച്ചില്‍ തുടരുകയാണ്. കൊവിഡ് നിരീക്ഷണ കേന്ദ്രമായതുകൊണ്ട് റിമാന്‍ഡ് തടവുകാര്‍ക്ക് സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് ചൊവ്വാഴ്ച രാത്രി ഇരുവരും ഒന്നിച്ച് ബാത്ത് റൂം വെന്റിലേറ്ററിന്റെ കമ്പി ഇളക്കി രക്ഷപെട്ടത്.
ഇരുവരും ഒന്നിച്ച് ഇരുട്ടിലേക്ക് ഓടി മറഞ്ഞെങ്കിലും പൊലീസിന്റെ വലയില്‍ കുടുങ്ങാതിരിക്കാന്‍ രണ്ട് ദിശകളിലേക്കാണ് തിരിഞ്ഞത്. എന്നാല്‍ മുഴപ്പലങ്ങാട് റെയില്‍വേ ട്രാക്കിന് സമീപം പതുങ്ങിയിരിക്കുകയായിരുന്ന പോക്സോ കേസ് പ്രതിയായ മണിക്കുട്ടനെ എടക്കാട് സിഐ പി.കെ. മണി, എസ്ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
അതേസമയം ഒന്നിച്ച് തടവുചാടിയ മോഷണകേസില്‍ റിമാന്‍ഡിലായ റംസാനെ പിടികൂടാനായില്ല. ഇയാള്‍ കാസര്‍കോട് ഭാഗത്തേക്ക് പോയിട്ടുണ്ടാകുമെന്ന് പിടിയിലായ പ്രതിയില്‍ നിന്നും പൊലീസ് മനസിലാക്കിയിട്ടുണ്ട്. ലോറി മോഷണക്കേസില്‍ അറസ്റ്റിലായ റംസാന് നിരവധി ലോറി ഡ്രൈവര്‍മാരുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: