സ്ത്രീകള്‍ ദുര്‍ബലരാണെന്നുള്ള ചിന്ത വെടിഞ്ഞ് ഉള്ളിലെ ശക്തിയെ തിരിച്ചറിഞ്ഞ് ജീവിക്കണമെന്ന് നര്‍ത്തകി പാരിസ് ലക്ഷ്മി. ഒരിക്കലും പുരുഷന്മാരേക്കാള് കഴിവ് കുറഞ്ഞവര്‍ ആണെന്നുള്ള ചിന്ത അരുത്. സ്ത്രീകള്‍ക്ക് സ്വപ്നങ്ങള്‍ ഉണ്ടാകണം. അഭിനിവേശം ഉണ്ടാകണം. ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണം. സ്ത്രീകളും എല്ലാം അര്‍ഹിക്കുന്നു എന്ന് തിരിച്ചറിയണമെന്ന് മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞു.
ത്യാഗം നല്ലതാണ്. പക്ഷേ എപ്പോഴും വേണ്ടെന്നാണ് എന്റെ അഭിപ്രായം. പുരുഷന്മാരും ത്യാഗം ചെയ്യണം. സ്ത്രീകള്‍ക്ക് വേണ്ടി. അവരുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി. അതിന്റെ സാഫല്യത്തിന് വേണ്ടി. സ്ത്രീകളുടെ ത്യാഗം വ്യക്തിത്വത്തെ മറക്കും എങ്കില്‍ ഒരു പുരുഷന്റെ സ്ത്രീക്ക് വേണ്ടി ഉള്ള ത്യാഗം അവളെ ഉന്നതങ്ങളില്‍ എത്തിക്കും. പരസ്പരം മനസ്സിലാക്കി വേണം ജീവിക്കാന്‍ ഒന്ന് ചീയുമ്പോള്‍ മറ്റൊന്നിന് വളമാകാതെ, ജീവിതം തുടങ്ങുന്ന നിമിഷം മുതല്‍ ഒന്നിച്ചുതന്നെ തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും വേണമെന്നാണ് തന്റെ ജീവിതം പഠിപ്പിച്ചതെന്ന് ലക്ഷ്മി പറയുന്നു.
നര്‍ത്തകിയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി ഫ്രാന്‍സിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും ഇപ്പോള്‍ കേരളത്തിലാണ് താമസിക്കുന്നത്. പാരിസ് ലക്ഷ്മി എന്ന വിളിപ്പേര് ഇഷ്ടമാണെങ്കിലും കേരളത്തിന്റെ ലക്ഷ്മിയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി പറയുന്നു.
മലയാളം പഠിച്ചെടുക്കാന്‍ വളരെ പ്രയാസമാണ്. എന്നാലും ഇപ്പോള്‍ എഴുതാനും വായിക്കാനും പഠിക്കുന്നുണ്ട്. നൃത്താവിഷ്കാരത്തിന്റെ സമയത്ത് ടീച്ചേഴ്സും കമ്പോസേര്സും മ്യൂസിഷ്യന്‍സും എല്ലാം സഹായിക്കും. ആദ്യമൊക്കെ അവര്‍ വിവര്‍ത്തനം ചെയ്ത് പറഞ്ഞു തരുമായിരുന്നു. ഇപ്പോള്‍ അധികം പ്രശ്നമില്ല. അര്‍ഥം മനസ്സിലാക്കാതെ മുദ്രകള്‍ ചെയ്താല്‍ നൃത്തത്തിന്റെ ഗൗരവം നഷ്ടപ്പെട്ടു പോകും. അതുകൊണ്ട് ഭാഷയും അര്‍ത്ഥവും വളരെ പ്രാധാന്യം ആണ് നൃത്തത്തില്‍. മലയാളം കൂടാതെ സംസ്കൃതവും ഹിന്ദിയും തമിഴും പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: