തിരുവനന്തപുരം : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് ഇപ്പോള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കരുതെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനന്. ക്ഷേത്രത്തിലെ ഉത്സവാഘോഷ ചടങ്ങുകളും മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തന്ത്രി ദേവസ്വം കമ്മിഷണര്‍ക്ക് കത്ത് നല്കി.
കൊറോണ വൈറസിനെ തുടര്‍ന്ന് ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും ആരോഗ്യ വകുപ്പിന്റേയും മാനദണ്ഡങ്ങള്‍ കര്‍ശ്ശനമായും പാലിക്കേണ്ടതുണ്ട്. ഉത്സവ ചടങ്ങുകളില്‍ ജന പങ്കാളിത്തം ഉണ്ടാകും. അതിനാല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് മാറ്റിവെയ്ക്കണം.
ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുക്കുന്ന ഭക്തരില്‍ ആര്‍ക്കെങ്കിലും പിന്നീട് കൊറോണ സ്ഥിരീകരിക്കുകയാണെങ്കില്‍ എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ടതായുണ്ട്. അപ്പോള്‍ ചടങ്ങുകളൊന്നും യഥാവിധി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും അത് നിര്‍ബന്ധിത നിയമമല്ലെന്നും തന്ത്രി കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.
ഈ മാസം 14ന് ക്ഷേത്രനട തുറക്കാനിരിക്കേയാണ് തന്ത്രി ദേവസ്വം കമ്മിഷണര്‍ക്ക് കത്തയച്ചിരിക്കുന്നത്. അതേസമയം തന്ത്രിമാരോട് കൂടിയാലോചിച്ചാണ് ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ മനം മാറ്റം സംബന്ധിച്ച് അറിയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസ്ഡിന്റ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: