തിരുവനന്തപുരം: വിക്ടേഴ്സ് ചാനല്‍വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ രണ്ടാം ഘട്ട ക്ലാസുകള്‍ ആരംഭിച്ചുവെങ്കിലും ഇപ്പോഴും നല്ലൊരുവിഭാഗം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വീടുകളിലെ കുട്ടികളും പിന്നോക്കമേഖലയിലെ കുട്ടികളുമായ നല്ലൊരു വിഭാഗം ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണ്. ഇപ്പോള്‍ നടക്കുന്നത് ട്രയലാണെന്നും അടുത്തയാഴ്ച കഴിഞ്ഞാകും ശരിക്കുള്ള ക്ലാസുകള്‍ ആരംഭിക്കുകയെന്നും അതിനിടയ്ക്ക് എല്ലാപേര്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കുമെന്നുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനുശേഷമാണ് സര്‍ക്കാര്‍ ഇങ്ങനെ പറയുന്നത്. എന്നാല്‍ അത് എത്രമാത്രം ശരിയാകുമെന്ന് ഇപ്പോഴും പറയാന്‍ കഴിയില്ല. ശരിക്കുള്ള ക്ലാസുകള്‍ ആരംഭിച്ചാല്‍ പോലും എല്ലാപേര്‍ക്കും ഓണ്‍ലൈന്‍ പഠനം എത്തിക്കാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്.
സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും പഠന സൗകര്യം ലഭ്യമാക്കുന്നതിന് ഹൈടെക് സ്കൂള്‍ ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി വിന്യസിച്ച ഐടി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി എങ്കിലും എത്രപേര്‍ക്ക് ഇതിന്റെ ആവശ്യംവരുമെന്നകാരത്തില് ഒരു നിഗമനത്തില്‍ എത്താന്‍പോലും സര്‍ക്കാരിന് ആയിട്ടില്ല. അതായത് ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഇനിയും 25 ശതമാനത്തോളം കണക്കെടുപ്പ് പൂര്‍ത്തിയാക്കാനുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് രണ്ടരലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്തത്. എന്നാല്‍ ഇത് ഏതാണ്ട് അഞ്ചു മുതല്‍ പത്തുലക്ഷം വരെ വരുമെന്നാണ് അനൗദ്യോഗിക കണക്ക്. നിലവില്‍ ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഏതാണ്ട് 60 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമെ ഭാഗമായിട്ടുള്ളു. പുതിയ ക്ലാസുകളില്‍ എത്തുന്ന കുട്ടികളെ അധ്യാപകരില്‍ പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ പല വിദ്യാര്‍ത്ഥികളും വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഭാഗമാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹായത്തോടെ ബദല്‍ സംവിധാനമൊരുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൊറോണ പ്രതിരോധ കാലഘട്ടത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തി സാമ്പത്തികമായി തളര്‍ന്നിരിക്കുകയാണ്. പത്തുലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം ലഭ്യമാക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് എത്രമാത്രം കഴിയുമെന്നും ചിന്തിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടത്ര ഉപകരണങ്ങള്‍ ലഭ്യമാകാത്ത കുട്ടികള്‍ക്ക് സ്കൂളുകളില്‍ നിന്നുള്ള ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കാം എന്ന നിര്‍ദ്ദേശവും ഇന്റര്‍നെറ്റ് സംവിധാനം എങ്ങനെ ലഭ്യമാക്കും എന്ന കാര്യവും എത്രത്തോളം പ്രായോഗികമാകും എന്ന് കണ്ടറിയണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ പ്രായോഗികമായ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ നല്ലൊരുവിഭാഗം വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ പഠനത്തിന് പുറത്താകും എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: