കാഞ്ഞാര്‍: കോളപ്ര, കുടയത്തൂര്‍ പാലങ്ങളിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനരഹിതമായതോടെ പാലത്തിലെ വാക്കുതര്‍ക്കം നിത്യ കാഴ്ചയായി. വീതി കുറവുള്ള രണ്ട് പാലങ്ങളിലും സുഗമമായ ഗതാഗതത്തിനു വേണ്ടിയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് സിഗ്നല്‍ സ്ഥാപിച്ചത്.
എന്നാല്‍ മിക്കവാറും സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനരഹിതമാണ്. വീതി കുറവുള്ള പാലത്തിലെ ഇരുവശങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പരസ്പരം കാണുവാന്‍ സാധിക്കില്ല. ഇതിന് പരിഹാരമായിട്ടാണ് പാലത്തിന്റെ മധ്യഭാഗത്ത് ലൈറ്റ് സ്ഥാപിച്ചത്.
സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇരുവശങ്ങളില്‍ നിന്നും ഒരു പോലെ എത്തുന്ന വാഹനങ്ങളില്‍ ഏതെങ്കിലും ഒരു വാഹനം പിന്നോട്ട് എടുത്തെങ്കില്‍ മാത്രമാണ് വാഹനത്തിന് കടന്നു പോകുവാന്‍ കഴിയൂ. ഇതാണ് തര്‍ക്കത്തിന് വഴിവയ്ക്കുന്നത്. നിലവാരമില്ലാത്ത സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചതിനാലാണ് ഇവ അടിക്കടി കേടാകുന്നത്. നിലവാരമുള്ള ലൈറ്റ് സ്ഥാപിച്ച് പാലത്തിലെ തര്‍ക്കം ഒഴിവാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: