മൂവാറ്റുപുഴ: ദുരഭിമാനത്തിന്റെ പേരില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയെ കോടതി റിമാന്റ് ചെയ്തു. കറുകടം ഞാഞ്ഞുല്‍ കോളനി കടിഞ്ഞോലില് ബേസില്‍ എല്‍ദോസ് (20)നെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്റ്് ചെയ്തത്. അക്രമത്തില്‍ പരിക്കേറ്റ പണ്ടിരിമല തടിലകുടിപാറയില് അഖില്‍ ശിവന് (19) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
. സംഭവത്തില്‍ കൂട്ടാളിയായിരുന്ന ബേസിലിന്റെ സുഹൃത്തായ പതിനേഴുകാരനെ ജാമ്യത്തില്‍ വിട്ടയച്ചു. ഒരു മാസത്തിനു ശേഷം കാക്കനാട് ജുവനൈല്‍ ഹോമില്‍ കൗണ്‍സിലിങ്ങിനു ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംഭവശേഷം ബേസില്‍ ഒളിവില്‍ പോയിരുന്ന സ്ഥലങ്ങളില്‍ ഇന്നലെ ഉച്ചയോടെ പോലീസ് തെളിവെടുപ്പ് നടത്തി.
കറുകടത്തെ പൈനാപ്പിള്‍ തോട്ടത്തിലും, അതിനുശേഷം വാരപ്പെട്ടിയില്‍ ബേസില്‍ താമസിക്കുന്ന വാടക വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അഖിലിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച മാരക ആയുധങ്ങള്‍ പൈനാപ്പിള്‍ തോട്ടത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ഞായറാഴ്ച മൂവാറ്റുപുഴ ആരക്കുഴ ജങ്ഷനിലായിരുന്നു സംഭവം. മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മാസ്ക്കുവാങ്ങി തിരികെയിറങ്ങിയ അഖിലിനെ സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ബേസില്‍ എല്‍ദോസ് വെട്ടുകയായിരുന്നു. ബേസിലിന്റെ സഹോദരിയെ അഖില്‍ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: