ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലിന്റ കിഴക്കന്‍ മദ്ധ്യമേഖലയില്‍ ന്യൂനമര്‍ദം രൂപമെടുത്തതായി കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തി(ഐഎംഡി) ന്റെ സ്ഥിരീകരണം. ഇന്ന് ഉച്ചയ്ക്ക് 12ന് ആണ് ന്യൂനമര്‍ദം രൂപംകൊണ്ടതായി സ്ഥിരീകരണം വന്നത്. നാളെ വൈകിട്ട് മുതല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകും.
ഈ മാസം ഒന്നിന് ജന്മഭൂമി ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ഇന്ന് മദ്ധ്യകേരളത്തിലെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ പത്ത് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. അടുത്ത 48 മണിക്കൂറിനിടെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ന്യൂനമര്‍ദം ശക്തമാകും. മണ്‍സൂണ്‍ സീസണിലെ ന്യൂനമര്ദമെന്നാണ് ഇവ അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ന്യൂനമര്‍ദമാണ് മഴക്കാലം ശക്തമാകാന്‍ കാരണം. ന്യൂനമര്‍ദം രൂപമെടുത്തതിന് പിന്നാലെ തന്നെ ഇന്ന് സംസ്ഥാനത്തെമ്പാടും ചെറിയ തോതില്‍ മഴ തുടരുന്നുണ്ട്.
അതേ സമയം ന്യൂനമര്‍ദം ചുഴലിക്കാറ്റ് ആകാനുള്ള സാധ്യത നിലവില്‍ കുറവാണ്. അത്തരത്തില്‍ ചുഴലിക്കാറ്റായാല്‍ ഇന്ത്യ നല്കിയ ഗതി എന്ന പേരാണ് നല്‍കുക. ഒഡീഷയ്ക്കും ആന്ധ്രപ്രദേശിനും ഇടയില്‍ കരകയറുന്ന ന്യൂനമര്‍ദം മധ്യ ഇന്ത്യയിലേക്ക് സഞ്ചരിക്കാനാണ് സാധ്യതയെന്നാണ് സ്വകാര്യ കാലവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞമാസം പാതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത സൂപ്പര്‍ സൈക്ലോണ്‍ ഉം പുന് പശ്ചിംമ ബംഗാളില്‍ കനത്ത നാശം വിതിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി മഴയുടെ ശക്തി സംസ്ഥാനത്ത് കുറഞ്ഞ് നില്‍ക്കുകയാണ്. വടക്കന്‍ കേരളത്തിലാണ് ഈ സമയം ചെറിയ തോതിലെങ്കിലും മഴ ലഭിച്ചത്. നിലവില്‍ മഴ മേഘങ്ങള്‍ മദ്ധ്യ-വടക്കന്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടേയും നിഗമനം. മഴക്കാലം ആരംഭിച്ച് ഇതുവരെയുള്ള കണക്ക് പ്രകാരം ഇടുക്കി, എറാണാകുളം, തൃശൂര്‍ ജില്ലകളില്‍ മഴ ഗണ്യമായി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: