വീട്ടുമുറ്റത്ത് തളച്ച ആനയെ കണ്ട് ഏഴുവയസുകാരന് ചോദിച്ച ചോദ്യങ്ങളില്‍ പലതിനും പാപ്പാന് ഉത്തരമില്ലായിരുന്നു. ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ ചോദ്യമായി കണ്ട് ആദ്യം അവഗണിച്ചു. പിന്നീട് ആനയെ പരിപാലിക്കേണ്ടേത് എങ്ങനെയെന്ന് കൊഞ്ചിക്കൊഞ്ചിയുള്ള വാക്കുകളില്‍ പറഞ്ഞത് പലതും പാപ്പാനുതന്നെ പുതിയ പാഠമായി. പതിനാറ് വര്‍ഷമായി പാപ്പാനായി നടന്ന തനിക്കറിയാത്ത പല കാര്യങ്ങളും കേട്ടപ്പോള്‍ ഒന്ന് അമ്പരന്നു. ലക്ഷണമൊത്ത ആന എങ്ങനെയാണെന്ന് മാമന് അറിയാമോ എന്ന ചോദ്യത്തിനും പാപ്പാനു പൂര്‍ണ ഉത്തരം നല്കാന് കഴിഞ്ഞില്ല. പക്ഷേ, ആ കുട്ടി കൃത്യമായി പറഞ്ഞു കൊടുത്തു.
ധ്യാന്‍ അങ്ങനെയാണ്. മൂന്നാം ക്ലാസിലേക്കു കടന്നിട്ടേയുള്ളൂ. എങ്കിലും, ഐടി ലോകത്തെ പുതുമകളോടു കൈകോര്‍ത്തു പിടിച്ച് നാട്ടറിവുകളുടെ ലോകത്തിലൂടെയാണ് നടപ്പ്. യുട്യൂബിലും ഫെയ്സ്ബുക്കിലും വാട്സാപ്പിലും സജീവം. അതൊക്കെ ഇന്നത്തെ തലമുറയുടെ പ്രത്യേകതയല്ലേ എന്നു തോന്നാം. എന്നാല്‍, ധ്യാന്‍ അനന്ത നാരായണന്റെ പാത വ്യത്യസ്തമാണ്. യാത്ര എങ്ങോട്ടെന്നു വ്യക്തമായ ധാരണയുണ്ടുതാനും.
ധ്യാനിന്റെ ഫ്രണ്ട്സും ധ്യാന്‍ ഫോളോ ചെയ്യുന്നവരും കാര്‍ഷിക വിഭവങ്ങളും മൃഗങ്ങളുമാണ്. പ്രത്യേകിച്ച് പശു, ആട്, ആന, നായ്ക്കള്‍ എന്നിവ. അത്തരം വിവരങ്ങളുടെ ഒരു ചെറിയ എന്‍സൈക്ളോപീഡിയയാണ് കക്ഷി. യുട്യൂബില്‍ തിരയുന്നതെല്ലാം അവയെയാണ്. പിന്നെ പുരാണ കഥകളും.
പശുക്കളും ആടുകളും എത്ര തരമുണ്ടെന്നും, അവ എവിടെയൊക്കെയാണുള്ളതെന്നും, ഓരോന്നിന്റെയും ആവാസ വ്യവസ്ഥ എന്തെന്നും നന്നായി അറിയാം. നമ്മളില്‍ പലരും കേട്ടിട്ടുപോലുമില്ലാത്ത ജനുസുകളുടെയും പൂര്‍ണ വിവരങ്ങള്‍ പറഞ്ഞുതരും. ഓരോന്നിനും കിട്ടുന്ന പാല്, അതിന്റെ ഔഷധമൂല്യം, ആവശ്യമായ പരിചരണങ്ങള്‍ എല്ലാം കിറുകൃത്യം. നായ്ക്കളുടെ ഇനങ്ങള്‍ അവയുടെ സ്വഭാവം, അപകടകാരിയായവ, ഇണങ്ങുന്നവ, ബുദ്ധികൂടിയ ഇനം എല്ലാം ഹൃദിസ്ഥം. കേരളത്തിലെ മിക്കവാറും എല്ലാ ആനകളുടെയും വിവരം മണിമണിയായി പറയും. ഉയരം, സ്വഭാവം, ലക്ഷണങ്ങള്‍ തുടങ്ങിയവ വിവരിക്കുന്നതു ധ്യാനിനു ഹരമാണ്.
മണ്ണാറശാല ഇല്ലത്തെ ശ്രീജിത്ത് – സൗമ്യ ദമ്പതികളുടെ ഇളയമകനാണ് ധ്യാന്‍. ഈ പ്രായത്തിലെ കുട്ടികളില്‍ നിന്നു വിഭിന്നമായി ചിന്തിച്ചതാണ് ധ്യാനിനെ വ്യത്യസ്തനാക്കുന്നത്. മറ്റു കുട്ടികള്‍ കാര്‍ട്ടൂണുകളും സിനിമകളും കാണുമ്പോള്‍ കൃഷിദീപവും മൃഗങ്ങളുടെ പരിപാലനവുമാണ് ധ്യാന്‍ കാണുന്നത്. അവധി ദിവസങ്ങളിലും വെക്കേഷന് കാലത്തും കളിയിലും മറ്റും മുഴുകുന്നവര്ക്കൊപ്പം ധ്യാന്‍ ഉണ്ടാവില്ല. ആ സമയം മണ്ണാറശാല ക്ഷേത്രത്തിലെ ഗോശാലയില്‍ പശുക്കളോടാപ്പമായിരിക്കും. അവയുടെ പരിചരണത്തില്‍ ഒരു കുറവും വരുത്താന്‍ സമ്മതിക്കുകയുമില്ല.
രാവിലെ എഴുന്നേറ്റാല്‍ അമ്മയുടെ ഫോണ്‍ കൈക്കലാക്കുന്ന ധ്യാനിന് അമ്മ യുട്യൂബില്‍ പശുവിനെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങള്‍ എടുത്തുകൊടുക്കും. കൃഷിയെക്കുറിച്ചുള്ള ഒട്ടുമിക്ക ഡോക്ക്യുമെന്ററികളും പല ആവര്‍ത്തി കണ്ടു കഴിഞ്ഞു. ക്ഷേത്ര ഗോശാലയില്‍ എത്ര പശുക്കള്‍ ഉണ്ടെന്നും ഏതിനം പശുക്കളാണെന്നും വ്യക്തമായി പറയും. നാടന്‍ പശുക്കള്‍ എത്ര ഉണ്ടെന്നും, അവയുടെ ഗുണങ്ങള്‍, എത്ര ലിറ്റര്‍ പാല് ലഭിക്കും, ഔഷധ ഗുണങ്ങള്‍ എല്ലാം വിശദമായി പറഞ്ഞുതരാനും ധ്യാനിന് കഴിയും.
കപില പശുവിന്റെ പാല് യജ്ഞത്തിനും യാഗത്തിനും നല്ലത്. കാസര്‍കോട് കുള്ളന്റെ പാല് ഏറെ ഔഷധഗുണമുള്ളതാണ്. എന്നാല്‍ രണ്ടു ലിറ്റര്‍ പാലേ കിട്ടൂ. ചെറുവള്ളി, മുണ്ടക്കല്‍ പശുക്കള്‍ക്ക് മൂന്ന് ലിറ്റര്‍ പാല് ലഭിക്കും. ഔഷധഗുണം കൂടുതലുമാണ്. കുട്ടമ്പുഴയ്ക്ക് മൂന്നും, വെച്ചൂരിന് ഒരു ലിറ്ററും കിട്ടും. അവയുടെ പാല് ഹൃദ്രോഗം തടയും. ഗുജറാത്തിലെ ഗീര്‍ പശുക്കള്‍ക്ക് എട്ട് ലിറ്ററില്‍ ഏറെ ലഭിക്കും. താര്‍പാര്‍ക്കര്‍, സനിവാള്, കൃഷ്ണ, കാങ്കേയം, റെഡ്സിന്ധി, വടകര എന്നീ പശുക്കളെക്കുറിച്ച് പറയുമ്പോഴും കുട്ടിക്ക് നൂറ് നാവാണ്. കൃഷ്ണ പശുക്കള്‍ ഗോദാവരീ തീരത്താണു കാണപ്പെടുന്നത്. തൂവെള്ള നിറമായിരിക്കും. ശ്രീകൃഷ്ണന് ഏറെ പ്രിയപ്പെട്ടവയായിരുന്നത്രേ ഇവ.
നാടന്‍ ആനയും ബീഹാര്‍ ആനയും തമ്മിലുള്ള വ്യത്യാസം, അവയുടെ സ്വഭാവ വിശേഷം എന്നിവ ധ്യാന്‍ വിവരിക്കും. നാടന്‍ ആനയെയാണ് കൂടുതല്‍ ഇഷ്ടം. തിരുവമ്പാടി ശിവസുന്ദര്‍ ആയിരുന്നു ഇഷ്ടപ്പെട്ട നാടന്‍ ആന. അതു ചരിഞ്ഞപ്പോള്‍ കാഞ്ഞിരക്കാടു ശേഖരനായി ഇഷ്ടതാരം
നാടന്‍ പശുക്കള്‍ മഴ നനഞ്ഞ് വളരണമെന്നാണ് ധ്യാനിന്റെ കണ്ടെത്തല്‍. എന്നാല്‍ ടാര്‍ പാര്‍ക്കറിന് ചൂടാണ് പ്രിയം. പത്ത് ലിറ്റര്‍ പാല് കിട്ടുന്ന പാര്‍ക്കര്‍ ഏറ്റവും സൗന്ദര്യമുള്ള പശുവാണ്. മലബാറി, ജംമ്നാപ്യാരി, മലബാറിക്രോസ് എന്നീ ആടുകളെക്കുറിച്ചും നല്ല തിട്ടം.
ജൈവവളം എങ്ങനെ നിര്‍മിക്കണമെന്നു ധ്യാന്‍ പറഞ്ഞു തരും. ഖരജീവാമൃതം നിര്‍മിക്കാന്‍ അഞ്ചു കിലോ ചാണകം, അരക്കിലോ ശര്‍ക്കര, ഗോമൂത്രം, രാസവളം ചേരാത്ത ഒരു പിടി മണ്ണ് എന്നിവയും പയറുപൊടിയും വേണം. പൊടികള്‍ എല്ലാം ചേര്‍ത്ത് നല്ലത് പോലെ ഇളക്കണം. മിശ്രിതത്തില്‍ ഗോമൂത്രം തളിച്ച് കുഴയ്ക്കണം. പിന്നീട് തണലത്ത് വച്ച് ഉണക്കിയെടുത്താല്‍ ഖരജീവാമൃതം തയ്യാറെന്ന് ധ്യാന്‍ പറയുന്നു. കര്‍ഷകനായ പട്ടാഴി ശ്യാമിനെയാണ് ഏറെ ഇഷ്ടം. ശ്യാമിന്റെ കൃഷിരീതികള്‍ കാണാനാണ് താല്‍പ്പര്യം.
ആനകളെക്കുറിച്ചുള്ള മലയാള പുസ്തകങ്ങള്‍ അമ്മയോ സഹോദരിമാരോ വായിച്ച് കേള്‍പ്പിക്കണം. ലക്ഷണമൊത്ത ഒരു ആന എങ്ങനെ ഇരിക്കണമെന്ന് ധ്യാനിന് മനഃപാഠമാണ്. ഉയര്‍ന്ന മസ്തകം, വിരിഞ്ഞ തലക്കുന്നി, തേന്‍ നിറമുള്ള കണ്ണുകള്‍, ചെവി ആട്ടുമ്പോള്‍ ഇടയ്ക്ക കൊട്ടുന്ന ശബ്ദം, അകന്ന വണ്ണമുള്ള കൊമ്പ്, വളയാത്ത, ചുരുളാത്ത വലിയ ചെവി, നിലത്ത് മുട്ടി ചുരുണ്ടു കിടക്കുന്ന തുമ്പിക്കൈ, വളവില്ലാത്ത വാല്, പതിനെട്ട് നഖം. എവിടെ ആനയെ കണ്ടാലും ഈ ലക്ഷണങ്ങളെല്ലാമുണ്ടോയെന്ന് നോക്കി പറയും.
നാടന്‍ ആനയും ബീഹാര്‍ ആനയും തമ്മിലുള്ള വ്യത്യാസം, അവയുടെ സ്വഭാവ വിശേഷം എന്നിവ വിവരിക്കും. നാടന്‍ ആനയെയാണ് കൂടുതല്‍ ഇഷ്ടം. തിരുവമ്പാടി ശിവസുന്ദര്‍ ആയിരുന്നു ഇഷ്ടപ്പെട്ട നാടന്‍ ആന. അതു ചരിഞ്ഞപ്പോള്‍ കാഞ്ഞിരക്കാടു ശേഖരനായി ഇഷ്ടതാരം. പൂവാലനാണ് ശേഖരന്. വാലിന് വെളുത്ത രോമങ്ങളുള്ള ആനയാണു പൂവാലന്. ബീഹാര്‍ ആനകളില്‍ പ്രിയപ്പെട്ടവന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.
ഗുരുവായൂര്‍ കേശവന്റെ പാപ്പാന്മാര് ആരായിരുന്നു എന്ന ചോദ്യത്തിന് ഉടനടി ഉത്തരമെത്തി: അച്യുതന് നായരും മണിനായരും. ഗുരുവായൂര്‍ കേശവന്റെ മുന്‍ഗാമിയായിരുന്ന ഗുരുവായൂര്‍ വലിയ പത്മനാഭനെക്കുറിച്ചും ധ്യാനിന് അറിയാം.
നായ്ക്കളില്‍ ഇണങ്ങുന്ന ഇനങ്ങള്‍ ഏതെന്നും ഇണങ്ങാത്തവ ഏതെന്നും അവയുടെ സംരക്ഷണം എങ്ങനെ വേണമെന്നും പഠിച്ച് വച്ചിട്ടുണ്ട്. അപകടകാരി ബിഗ്ബുള്ളും സൈബീരിയനും തുടങ്ങി ഏട്ടോളം വിഭാഗങ്ങളാണ്. ലാബ്രഡോര്‍, ഡാഷ്, പഗ്, ജര്‍മ്മന്‍ ഷെപ്പേഡ് എന്നിവ നന്നായി ഇണങ്ങും.
പുരാണങ്ങളിലും ധ്യാനിന് വലിയ താല്‍പ്പര്യമുണ്ട്. മണ്ണാറശാലയിലെ കാരണവരായിരുന്ന മുത്തച്ഛന് നാരായണന്‍നമ്പൂതിരിയും മുത്തശ്ശി ആര്യ അന്തര്‍ജനവുമാണ് ആ കഥാ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയത്. ഇപ്പോള്‍ രാമായണവും മഹാഭാരതവും വായിച്ച് പഠിക്കാനുളള ശ്രമത്തിലാണ്. ധനലക്ഷ്മി ബാങ്ക് തഴവ ബ്രാഞ്ച് മാനേജരായ അമ്മ സൗമ്യ സമയം കിട്ടുമ്പോഴെല്ലാം രാമായണം വായിച്ചു കേള്‍പ്പിക്കും. അച്ഛന് ശ്രീജിത്ത് മണ്ണാറശാല ക്ഷേത്രത്തിലെ ജോലിത്തിരക്കിനിടയിലും മഹാഭാരതകഥകള്‍ പറഞ്ഞുകൊടുക്കാറുണ്ട്.
തൃശൂര്‍ മാള ആലപ്പാട്ടു കുടുംബാംഗമായ സൗമ്യയ്ക്ക് ഒരു സ്വകാര്യ ദുഃഖമുണ്ടായിരുന്നു. ചെറുപ്പത്തില്‍ നഷ്ടപ്പെട്ട അച്ഛന്റെ ബലിയിടാന്‍ ഒരു ആണ്‍തരി ഇല്ലെന്ന ദുഃഖം. താന്‍ ഒറ്റ മകളാണ്. പെണ്‍കുട്ടികള്‍ക്കു ബലിയിടാന്‍ അവകാശവുമില്ല. ഒരു മകന് പിറന്നാല്‍ അച്ഛന്റെ ബലി ഇടുവിച്ചുകൊള്ളാമെന്നു പ്രാര്‍ഥിച്ചു. സര്‍പ്പ രാജാവായ അനന്തനാണ് മണ്ണാര്‍ശാലയിലെ നിലവറയില്‍ കുടികൊള്ളുന്ന നിലവറ മുത്തച്ഛന്. മണ്ണാറശാല അമ്മയായ വലിയ മുത്തശ്ശിയുടെയും അന്തരിച്ച മുത്തച്ഛന് നാരായണന് നമ്പൂതിരിയുടെയും നിര്‍ദേശപ്രകാരം അനന്തനെ ധ്യാനിച്ചു. അങ്ങനെ പിറന്ന ഉണ്ണി ധ്യാന്‍ അനന്തനും, പാരമ്പര്യമനുസരിച്ച് മുത്തച്ഛന്റെ പേരുകൂടി ചേര്‍ത്തപ്പോള്‍ ധ്യാന്‍ അനന്ത നാരായണനുമായി. പ്ളസ്ടു വിദ്യാര്‍ത്ഥിനിയായ അദ്രിജ പാര്‍വ്വതിയും, പത്താം ക്ളാസുകാരിയായ ആത്മജ ശ്രീദേവിയും സഹോദരിമാരാണ്.
നാട്ടറിവിന്റെ പുതിയ പച്ചപ്പുകള്‍ തേടി ധ്യാന്‍ യാത്ര തുടരുകയാണ്. ലോകത്തിലെ എല്ലാ ഇനം പശുക്കളും ആടുകളും ഫലവൃക്ഷങ്ങളും അടങ്ങുന്നൊരു ഫാം എന്ന വലിയ സ്വപ്നത്തിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: