ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ അഴിമതികളിലൊന്നായ ബോഫോഴ്സ് ഇടപാടില്‍ ഒരുപക്ഷേ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയേയും കോണ്‍ഗ്രസിനേയും വെട്ടിലാക്കുന്ന ഒരു റിപ്പോര്‍ട്ട് നാളെ പുറംലോകം കാണും. സ്വീഡന് പ്രധാനമന്ത്രി ഒലാഫ് പാല്‍മെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പ്രോസിക്യൂട്ടര്‍മാരാണ് നാളെ റിപ്പോര്‍ട്ട് നല്‍കുക. ദക്ഷിണാഫ്രിക്ക, സ്വീഡന് എന്നിവടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ബോഫോഴ്സ് അഴിമതിയും പാല്‍മെയുടെ കൊലപാകതവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നതും ഈ റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാകും. ചുരുക്കത്തില്‍ 34 വര്‍ഷങ്ങള്‍ക്കിപ്പുറം ബോഫോഴ്സ് അഴിമതി ഭൂതം കുടത്തില്‍ നിന്ന് പുറത്താകുമോ എന്നാണ് വെളിപ്പെടാന്‍ പോകുന്നത്.
ഒലാഫ് പാല്‍മെയുടെ കൊലപാതകം
മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1986 ഫെബ്രുവരി 28 വെള്ളിയാഴ്ചയാണു ലോകത്തെ ഞെട്ടിച്ച് സ്വീഡന് പ്രധാനമന്ത്രി ഒലാഫ് പാല്‍മെ കൊല്ലപ്പെടുന്നത്. രാത്രിയില്‍ ഭാര്യയ്ക്കൊപ്പം സിനിമ കണ്ടിറങ്ങിയപ്പോള്‍ സ്റ്റോക്ഹോം തെരുവില്‍ തൊട്ടുപിന്നില്‍ നിന്ന് അക്രമി പാല്‍മെയെ വെടിവച്ചു വീഴ്ത്തി ഓടിരക്ഷപെട്ടു. ഭാര്യ ലില്‍ബെത്ത് പാല്‍മെയ്ക്കു നിസാരപരുക്കുകള്‍ മാത്രമാണ് ഉണ്ടായത്. എന്നാല്‍, പാല്‍മെ സംഭവസ്ഥലത്തു തന്നെ മരിച്ചു. ആക്രമണം നടക്കുന്ന സമയത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.
പീറ്റേഴ്സണ് കൊലപാതകിയോ നിരപരാധിയോ?
1988ല്‍ ക്രിസ്റ്റര്‍ പിറ്റേഴ്സണ് എന്ന ഒരാളെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, താന്‍ നിരപരാധിയാണെന്നും വെറുതേ വിടണമെന്നും അപേക്ഷിച്ച് ക്രിസ്റ്റര്‍ സ്റ്റോക്ഹോമിലെ മേല്‍ക്കോടതിയില്‍ അപേക്ഷ നല്കി. ഈ അപേക്ഷ സ്വീഡന് സുപ്രീം കോടതി തള്ളി. എന്നാല്‍, വിചാരണക്കിടെ 2004 സെപ്റ്റംബറില്‍ ക്രിസ്റ്റര്‍ മരിച്ചു. പാല്‍മെ കൊലപാതകത്തില്‍ നിയമപരമായി ക്രിസ്റ്റര്‍ കൊലപാതിയാണെന്നും തെളിയിക്കാനായില്ല.
2020 ഫെബ്രുവരി 18ന് അന്വേഷണത്തിന്റെ ചുമതലയുള്ള ചീഫ് പ്രോസിക്യൂട്ടര്‍, കൊലപാതകം നടന്ന രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ടായി സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി. ഈ റിപ്പോര്‍ട്ടാണ് 34 വര്‍ഷത്തിനു ശേഷം പാല്‍മെ വധത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നത്.
പാല്‍മയെ വധിക്കാന്‍ സാധ്യയുള്ളതാര്?
പാല്‍മയെ വധിക്കാന്‍ ഒന്നിലധികം കാരണങ്ങളാണ് ജാന്‍ ബോണ്ടേസണ്‍ എന്ന എഴുത്തുകാരന് മുന്നോട്ടുവയ്ക്കുന്നത്. പാല്‍മെയുടെ കൊലപാതകത്തെ ആസ്പദമാക്കി ‘ബ്ലഡ് ഓണ്‍ ദ സ്നോ: ദ കില്ലിങ് ഓഫ് ഒലാഫ് പാല്‍മെ എന്ന പുസ്തകം രചിച്ചത് ബോണ്ടേസണ്‍ ആണ്. പാല്‍മെ വധത്തിന്റെ ആദ്യ സാധ്യത കല്പിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ അക്കാലത്തെ കറുത്തവര്‍ഗക്കാരുടെ രഹസ്യാന്വേഷണ വിഭാഗത്തെ ആണ്. ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടിയെ പിന്തുണയ്ക്കാനും എണ്ണ കൊള്ളയും ആയുധക്കടത്തും അവസാനിപ്പിക്കാനുള്ള പാല്‍മെയുടെ തീരുമാനം കൊലപാതകത്തില്‍ കലാശിച്ചേക്കാം.
മറ്റൊന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പ്രധാനമന്ത്രിയായ പാല്‍മെയോടുള്ള കടുത്ത വിരോധത്തിന്റേയും പ്രത്യയശാസ്ത്ര വ്യതിയാനത്തിന്റേയും പേരില്‍ സ്കാന്‍ഡിയ് മാന്‍ എന്ന റിയപ്പെടുന്ന സ്റ്റിഗ് എംഗ്സ്റ്റോമിനെ ചുറ്റിപ്പറ്റിയാണ്. പാല്‍മെ കൊല്ലപ്പെട്ടതിന്റെ മുഖ്യസാക്ഷിയാണ് ഇയാള്‍. 2000ത്തില്‍ ഇയാള്‍ മരിച്ചു. എന്നാല്‍, പാല്‍മെയെ ഇയാള്‍ നിരന്തരം നിരീക്ഷിച്ചിരുന്നെന്നും പിന്തുടര്ന്നെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അടുത്ത സാധ്യതയാണ് ഇന്ത്യയേയും രാജീവ്ഗാന്ധി കുടുംബത്തേയും ഏറെ നിര്‍ണായകമായി ബാധിക്കുന്ന ഒന്ന്. രാജീവ് ഗാന്ധി സര്‍ക്കാര്‍ ആയുധഇടപാട് നടത്തിയ സ്വീഡന് കമ്പനി ബോഫോഴ്സ് വന്‍തോതില്‍ കൈക്കൂലി നല്‍കുന്നെന്നും ധാരാളം ഇടനിലക്കാരുണ്ടെന്നും പാല്‍മെ മനസിലാക്കിയ ആ ദിവസം തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ബോണ്ടേസണ്‍ ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്താണ് ബോഫോഴ്സ് അഴിമതി?
1986-ല്‍ ഇന്ത്യ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കുറച്ചു പീരങ്കികള്‍ വാങ്ങാന്‍ തീരുമാനിച്ചു. സ്വീഡിഷ് ആയുധ നിര്‍മ്മാണ കമ്പനിയായ എ.ബി.ബോഫോഴ്സ് എന്ന കമ്പനിയ്ക്കാണ് അന്നു കരാര്‍ കിട്ടിയത്. അതിന് ഇടനിലക്കാരനായി നിന്നത് ഇറ്റലിക്കാരനായ വ്യവസായി ഒട്ടാവിയോ ക്വത്റോച്ചിയായിരുന്നു. ഹരിയാന കേന്ദ്രമാക്കി ഇന്ത്യയില്‍ ബിസിനസ് നടത്തിയിരുന്നയാളാണ് ക്വത്റോച്ചി. 1437 കോടി രൂപയുടെ പീരങ്കി ഇടപാടു നടത്തുമ്പോള്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നു. ബോഫോഴ്സുമായി കരാറുണ്ടാക്കി, പീരങ്കികള്‍ ഇന്ത്യന്‍ സേനക്കു കിട്ടിക്കഴിഞ്ഞപ്പോള്‍ സ്വീഡനിലെ ഔദ്യോഗിക മാധ്യമമായ റേഡിയോ സ്വീഡന് വെളിപ്പെടുത്തിയതാണ് ബോഫോഴ്സ് ആയുധ ഇടപാടില്‍ 64 കോടി രൂപയുടെ കോഴ വിനിമയം നടന്നുവെന്നും അതില്‍ പങ്കു പറ്റിയവരില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമുണ്ടെന്നമുള്ള വാര്‍ത്ത. അത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും അന്നത്തെ സര്‍ക്കാരിനെ ഉലയ്ക്കുകയും രാജീവ് ഗാന്ധിക്കെതിരേ ഉണ്ടായ രാഷ്ട്രീയ പ്രതിപക്ഷ പ്രക്ഷോഭത്തിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഭരണമാറ്റം ഉണ്ടാകുകയും വരെ ചെയ്തു.
ബോഫോഴ്സും സോണിയയും തമ്മിലെന്ത് ബന്ധം?
ഇറ്റാലിയന്‍ വ്യവസായിയായ ക്വത്റോച്ചി എങ്ങനെ ഇന്ത്യാ-സ്വീഡന് ആയുധക്കരാറില്‍ ഇടനിലക്കാരനായി കടന്നുവന്നുവെന്നതായിരുന്നു ആദ്യത്തെ ദുരൂഹത. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായെങ്കിലും ഇറ്റലിക്കാരിയായ ഭാര്യ സോണിയ അന്നും ഇന്ത്യന്‍ പൗരത്വം നേടിയിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ ഭരണകാലം മുതലേ ഇന്ത്യന്‍ ഭരണകാര്യങ്ങളില്‍ രാജീവ് ഗാന്ധി വഴി സോണിയാ സ്വാധീനം ശക്തമായിരുന്നതാണ് ഇറ്റാലിയന്‍ ബിസിനസുകാരന് ക്വത്റോച്ചിയുടെ ഈ ഇടപാടിലെ മദ്ധ്യസ്ഥതക്കു വഴി തെളിച്ചതെന്ന് ആരോപണവും ശക്തമാണ്. സ്വിസ് ബാങ്കിലെ ലോട്ടസ് എന്ന വ്യാജപ്പേരിലുള്ള അക്കൗണ്ടും അതിലെ വന്‍ നിക്ഷേപങ്ങളുമടക്കം പല വിഷയങ്ങളും അന്ന് ചര്‍ച്ചാ വിഷയമായി.
സിബിഐ അന്വേഷണവും ക്വത്റോച്ചിയുടെ മരണത്തോടെ മറഞ്ഞ രഹസ്യങ്ങളും
ബോഫോഴ്സ് കേസ് ശക്തമാകുന്നതിനിടെ 1993-ല്‍ ക്വത്റോച്ചി ഇന്ത്യവിട്ടു. അതിനു സഹായം ചെയ്തതു സിബിഐ ആയിരുന്നു. മലേഷ്യയിലാരുന്ന ക്വത്റോച്ചിയെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ സിബിഐക്ക് ആയില്ല. ഒരു അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ക്വത്റോച്ചി ഒരിക്കല്‍, 2007-ല്‍, അര്‍ജന്റീനയില്‍ പിടിയിലായി. അപ്പോഴും ഇന്ത്യക്കു കൈമാറ്റം ചെയ്യപ്പെട്ടില്ല. പിന്നീട് ക്വത്റോച്ചിക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചുകൊണ്ട് മന്മോഹന് സര്‍ക്കാരിന്റെ നിലപാടു സുപ്രീം കോടതിയിലെത്തി. ക്വത്റോച്ചിയെ വിചാരണക്കു വിട്ടുകിട്ടാനുള്ള സാധ്യത ഇല്ലെന്നതാണു കാരണം പറഞ്ഞത്. അതിനിടെ ദല്‍ഹി ഹൈക്കോടതി വിധി പറഞ്ഞു, ബോഫോഴ്സ് കേസില്‍ അഴിമതി നടന്നിട്ടില്ലെന്ന്. സിബിഐ അതോടെ അന്വേഷണങ്ങള്‍ അവസാനിപ്പിച്ചിരുന്നു. അങ്ങനെ 2011 എല്ലാ കേസുകളും പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു. ഇതിനിടെ 25 വര്‍ഷം അന്വേഷിച്ചിട്ടും സിബിഐ ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചതു സിബിഐക്കു കടുത്ത നാണക്കേടുണ്ടാക്കിയിരുന്നു. ക്വത്റോച്ചിയുടെ മരണത്തോടെ സംഭവിച്ചത് പിന്നെയും ദുരൂഹതയുടെ ശേഷിപ്പാണ്. വാസ്തവത്തില്‍ ബോഫോഴ്സ് ആയുധ ഇടപാടില്‍ കോഴ വാങ്ങലും കൊടുക്കലും ഉണ്ടായോ? എങ്കില്‍ അത് അന്നത്തെ പ്രധാനമന്ത്രിയുടെ പക്കല്‍ എത്തിയോ? ക്വത്റോച്ചിയാണോ കോഴ കൈപ്പറ്റിയത്? അതു സ്വിസ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടോ? ലോട്ടസ് എന്ന സ്വിസ് അക്കൗണ്ട് ആരുടേതാണ്?
പാല്‍മെയുടെ കൊലപാകത്തിന്റെ രഹസ്യം 34 വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തുവരുമ്പോള്‍ കാലങ്ങളായി കുടത്തില്‍ അടച്ചിരുന്നു ബോേഫോഴ്സ് അഴിമതിയുടെ പിന്നാമ്പുറ കഥകളും പുറത്തുവരുമോ എന്നത് ഏറെ ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: