നെന്മാറ: പോലീസ് സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. നെന്മാറ തിരുവഴിയാട് ഇടപ്പാടം സ്വദേശികളായ പുത്തന്‍ത്തറ രാജേഷ് എന്ന അംബൂട്ടി (27), മല്ലന്പ്പാറക്കളം രമേഷ് (27), ചീരപ്പൊറ്റ മിഥുന് (19), ചീരപ്പൊറ്റ അനീഷ് എന്ന ചക്കര (24) എന്നിവരാണ് അറസ്റ്റിലായത്.
ആറിന് രാത്രി രണ്ടു ബൈക്കുകളിലായി സ്റ്റേഷനിന് മുന്പിലെത്തിയ ഇവര്‍ ബിയര്‍ കുപ്പി കൊണ്ടുള്ള പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. രാജേഷ് എന്ന അംബൂട്ടിയാണ് മുഖ്യ പ്രതി. ഇയാള്‍ സ്റ്റേഷന് മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നും സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.
ഇവരുടെ സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തതാണ് അക്രമത്തിന് കാരണം. കഴിഞ്ഞ ദിവസം നെന്മാറ തിരുവഴിയാട് ഇടപ്പാടത്ത് പട്രോളിങ് നടത്തുന്നതിനിടെ പ്രതികളുടെ സുഹൃത്തുക്കളെ മാസ്ക് ധരിക്കാത്തതിന് പോലീസ് ശാസിച്ചിരുന്നു. എന്നാല്‍ യുവാക്കള്‍ എസ്ഐയോട് കയര്‍ക്കുകയും തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടാവുകയും ചെയ്തിതിരുന്നു.
സംഭവസ്ഥലം ആലത്തൂര്‍ ഡിവൈഎസ്പികെ.എം. ദേവസ്യയും പാലക്കാട് നിന്നും വിരലടയാള വിദഗ്ധരും പരിശോധിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നെന്മാറ ഇടപ്പാടത്ത് കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനക്കിടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ ഇടപ്പാടം കാര്‍ത്തിക്(24), പമ്പാവാസന്‍(50), മകന് അജിത്ത്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആലത്തൂര്‍ പെട്രോള്‍ പമ്പില്‍ ബോംബെറിഞ്ഞതുള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളാണിവരെന്ന് പോലീസ് പറഞ്ഞു. ഒരാള്‍ പോക്സോ കേസിലും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: