അടിമാലി: കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാടെടുത്ത വില്ലേജാഫീസര്‍ക്കെതിരെ ഭൂമാഫിയ സംഘം. കൊന്നത്തടി വില്ലേജാഫീസര്‍ എം.ബി. ഗോപാലകൃഷ്ണന് നായര്‍ക്കെതിരെയാണ് രാഷ്ട്രീയക്കാരുടെ പിന്‍ബലത്തോടെ ഭൂമാഫിയ സംഘം ഭീഷണിയുമായി രംഗത്തെത്തിയത്.
ഓഫീസിലെ നടപടികള്‍ക്ക് സഹായം ചെയ്തിരുന്ന ബിനാമികളെ ഒഴിവാക്കിയതും പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇഷ്ടത്തിന് അനുസരിച്ച് നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യാതെ ഇരുന്നതുമാണ് ഇദ്ദേഹത്തെ ഇവരുടെ കണ്ണിലെ കരടാക്കിയത്. പലതരത്തിലുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ച് നാട്ടുകാരുടെ പ്രിയങ്കരനായ ഉദ്യോഗസ്ഥനെ മാറ്റാണ് ഭരണ-പ്രതിപക്ഷ പ്രവര്‍ത്തകര്‍ ഇവിടെ ശ്രമിക്കുന്നത്.
ബിനാമി സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. നിയമവിരുദ്ധമായി നിലം നികത്തല്‍, വന്‍ മരങ്ങള്‍ വെട്ടുന്നതിനുള്ള അനുവാദം, കുളം കുഴിയ്ക്കാനുള്ള അനുമതി, പാറ ഖനനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി വന്ന വിവിധ രാഷ്ട്രീയ പ്രാദേശിക നേതാക്കന്മാരടക്കമാണ് ഉദ്യോഗസ്ഥനെതിരെ തിരിഞ്ഞിട്ടുള്ളത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലം നികത്തുന്നതും ഇദ്ദേഹം തടഞ്ഞിരുന്നു. പാറത്തോടിന് സമീപം പാറ ഖനനം നടത്തുന്നതും തടഞ്ഞിരുന്നു. ജില്ലാ- ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് അനുവദിക്കുന്ന കുളത്തിന്റെ പേരിലും വന്‍ തട്ടിപ്പാണ് നടക്കുന്നത്. പഞ്ചായത്തില്‍ 25 ഓളം കുളങ്ങള്‍ക്ക് അനധികൃതമായി സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ആവശ്യവും വില്ലേജാഫീസര്‍ സമ്മതിച്ചിരുന്നില്ല.
കഴിഞ്ഞ പ്രളയകാലത്ത് വീടുകള്‍ അനുവദിച്ചതില്‍ 100 ഓളം ഇരട്ട വീടുകള്‍ ഇദ്ദേഹം കണ്ടെത്തി റദ്ദാക്കിയിരുന്നു. അതി വിസ്തൃതമായ വില്ലേജില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് എത്തുന്ന ജനങ്ങളെ ഓഫീസ് കാര്യങ്ങള്‍ നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ധരിപ്പിച്ച് പണം വാങ്ങുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.
പുതിയതായി ഓഫീസര്‍ വന്നതോടെ ഇവരെ ഒഴുവാക്കി ഏത് സാധാരണക്കാരനും സമയബന്ധിതമായി കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്ന രീതി കൊണ്ടുവന്നു. പിന്നാലെ ബിനാമികള്‍ ഏതാനും മാസം മുമ്പ് ഓഫീസില്‍ കയറി ഓഫീസറെ ഭീഷണിപ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഓഫീസായി ഇത് മാറി.
ഓണ്‍ലൈനില്‍ സമയബന്ധിതമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കുന്ന സംസ്ഥാനത്തെ 14 വില്ലേജാഫീസര്‍മാരില്‍ ഒരാളാണ് ഗോപാലകൃഷ്ണന് നായര്‍. ഈ ഓഫീസിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ലെന്ന ആക്ഷേപവുമായി മാഫിയ സംഘം പ്രചാരണം നടത്തുന്നത്.
നിയമ വിധേയമല്ലാത്ത ഒരു നീക്കവും അനുവദിയ്ക്കില്ലെന്ന കര്‍ശന നിലപാടാണ് വില്ലേജാഫീസര്‍ക്ക് വിനയായത്. കുത്തഴിഞ്ഞുകിടക്കുന്ന കൊന്നത്തടി വില്ലേജാഫീസ് കാര്യക്ഷമമാക്കണമെന്ന ജില്ലകളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഇവിടെ പ്രവര്‍ത്തിയ്ക്കുന്നതെന്നും വില്ലേജാഫീസര്‍ പറഞ്ഞു.
വഴിവിട്ടുള്ള ഒരു കാര്യങ്ങള്‍ക്കും വിട്ടുവീഴ്ച ചെയ്യില്ലെന്നും തന്റെ പ്രവര്‍ത്തനം സുതാര്യമാണ്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു പരാതിയുമില്ല മറിച്ച് കൈയേറ്റക്കാര്‍ക്കാണ് പ്രതിഷേധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ വില്ലേജാഫീസ് പടിക്കല്‍ നാളെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സമരം സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: