കണ്ണൂര്‍: അന്യസംസ്ഥാനത്ത് നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സുരക്ഷാ മുന്കരുതലുകളൊരുക്കാതെ സര്‍ക്കാര്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നവരെ സ്വീകരിച്ച് ക്വാറന്റൈന് സംവിധാനത്തെക്കുറിച്ചും മറ്റും ബോധ്യപ്പെടുത്താനും കെഎസ്ആര്‍ടിസി ബസ്സുകളില്‍ യഥാസ്ഥാനത്തെത്തിക്കാനും മറ്റും നിയോഗിക്കപ്പെട്ട റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ് ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് രോഗപ്രതിരോധത്തിനായുളള സുരക്ഷാ സംവിധാനങ്ങളൊന്നും അധികൃതര്‍ ലഭ്യമാക്കാത്തത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനമുള്ള മുംബൈ അടക്കമുളള നഗരങ്ങളില്‍ നിന്നും എത്തുന്നവരെ സ്വീകരിക്കാന്‍ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ രോഗബാധ പിടിപെടുമെന്ന ആശങ്കയിലാണ്. ഉദ്യോഗസ്ഥര്‍ക്ക് ആകെ നല്‍കുന്നത് മുഖാവരണം മാത്രമാണ്. ഇതുകൊണ്ട് മാത്രം എന്ത് കാര്യമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളേയും പ്രവാസികളേയും സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലൊരുക്കുന്നതില്‍ പോലും പരാജയപ്പെട്ടിരിക്കുകയാണ്. അടിയന്തരിമായി ജീവനക്കാരുടെ രോഗഭീതി അകറ്റാന്‍ പിപിഇ കിറ്റുകളടക്കമുളള സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കാനുളള തയ്യാറെടുപ്പിലാണ് ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: