കോട്ടയം: പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥനിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. പാല ചേര്‍പ്പുങ്കലില്‍ പുഴയില്‍ നിന്നാണ് ബിരുദ വിദ്യാര്‍ഥിനി അഞ്ജു ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച്ചയാണ് അഞ്ജു ഷാജിയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പാരലല്‍ കോളേജിലെ കൊമേഴ്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അഞ്ജു. എംജി സര്‍വകലാശാലയുടെ അവസാന വര്‍ഷ ബിരുദ പരീക്ഷ ശനിയാഴ്ചയായിരുന്നു. അഞ്ജുവിന് പരീക്ഷയ്ക്കുള്ള കേന്ദ്രം കിട്ടിയത് പാല ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളേജിലാണ്.
പരീക്ഷയെഴുതാന്‍ വേണ്ടി ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിലെത്തിയ കുട്ടിയെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയിരുന്നു. കോപ്പിയടിച്ചെന്ന കോളേജിന്റെ ആരോപണത്തില്‍ മനംനൊന്താണ് കുട്ടി ആറ്റില്‍ ചാടിയതെന്ന് അഞ്ജുവിന്റെ കുടുംബം ആരോപിക്കുന്നത്. പഠിനത്തില്‍ മുന്നോക്കം നില്ക്കുന്ന അഞ്ജു കോപ്പിയടിക്കില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇതോടെ, പാല ഹോളിക്രോസ് കോളേജ് പ്രതിക്കൂട്ടില്‍ ആവുകയാണ്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കോളേജ് അധികൃതര്‍ ഗുരുതരമായ അനാസ്ഥ കാട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു. കോപ്പിയടിച്ച് പിടിച്ചെന്ന ആരോപണം സത്യമാണെങ്കില്‍ രക്ഷിതാക്കളെയോ പഠിക്കുന്ന കോളേജ് അധികൃതരെയോ അറിയിക്കാതെ കുട്ടിയെ തനിയെ മടക്കി അയച്ചത് എന്തിനെന്നും ബന്ധുക്കള്‍ ചോദിച്ചു. ശനിയാഴ്ച കാണാതായ കുട്ടിക്കുവേണ്ടി ഇന്നലെ മുഴുവന്‍ തെരച്ചില്‍ നടത്തി. പാലത്തില്‍ ബാഗ് കണ്ടതിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. ഇന്നലെ രാത്രി വരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് വീണ്ടും പരിശോധന നടത്തിയത്. പരീക്ഷയ്ക്കിടെ കുട്ടി കോപ്പിയടിച്ചുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കോളേജ് അധികൃതര്‍. കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാളിനെ വിവരം അറിയിച്ചു. ക്ലാസിന് പുറത്താക്കിയ കുട്ടിയോട് വിശദീകരണം എഴുതി നല്‍കാനും ആവശ്യപ്പെട്ടെന്നാണ് കോളേജ് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ പ്രിന്‍സിപ്പാളുടെ മുറിയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി എത്തിയില്ല.സാധാരണ ആറുമണിയോടെയാണ് കുട്ടി വീട്ടിലെത്താറുള്ളത്. കുട്ടിയെ കാണാതായതോടെ കുട്ടിയുടെ മാതാപിതാക്കള്‍ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചേര്‍പ്പുങ്കല്‍ പാലത്തില്‍ കുട്ടിയുടെ ബാഗും മൊബൈലും കണ്ടെത്തി. പിന്നീടാണ് കുട്ടി ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ തിരച്ചില്‍ ആരംഭിച്ചതും മൃതദേഹം കണ്ടെത്തുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: