മെഡിക്കല്‍ കോളേജ്: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ എസ്എറ്റി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി ജീവനക്കാരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റാന്‍ നീക്കം. അഞ്ചു മാസം കൊണ്ട് ശമ്പളം കട്ട് ചെയ്ത് നല്‍കാനാണ് എസ്എറ്റി വികസനസമിതി സൊസൈറ്റിയായ സാത്തീശിന്റെ നീക്കം.
193 ജീവനക്കാരാണ് സാത്തീശീന്റെ നിയന്ത്രണത്തില്‍ ജോലിയെടുക്കുന്നത്. ഇവരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനാണ് അധികൃതരുടെ തീരുമാനം. സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന മുന്നറിയിപ്പ് ജീവനക്കാര്‍ക്ക് നല്‍കാതെയാണ് തീരുമാനം വന്നിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്നതിന്റെ മറപിടിച്ചാണ് കാര്യങ്ങള്‍ നീക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിടിച്ചെടുക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് പറയുമ്പോള്‍ സാത്തീശിന്റെ ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുന്ന ശമ്പളത്തില്‍ അത്തരമൊരു അറിയിപ്പില്ല എന്നും ജീവനക്കാര്‍ പറയുന്നു. മാത്രവുമല്ല പകര്‍ച്ചവ്യാധി കാരണം പറഞ്ഞ് കഴിഞ്ഞ മാസത്തെ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനവും വന്നിരിക്കുന്നത്.
ഇരുപതിനായിരത്തില്‍ താഴെ ശമ്പളമുള്ള ജീവനക്കാരില്‍ നിന്ന് പത്ത് ദിവസത്തെ ശമ്പളവും പിടിച്ചെടുക്കും. സാധാരണക്കാരായ ജീവനക്കാരെ പിഴിഞ്ഞ് 6.5 ലക്ഷത്തോളം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിക്കാനാണ് ഒരുങ്ങുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിനൊപ്പം സാത്തീശും പങ്കാളിയാകുന്നുവെന്ന് കൊട്ടിഘോഷിച്ചാണ് നടപടികള്‍. എന്നാല്‍ ജീവനക്കാരെ നിര്‍ബന്ധിപ്പിച്ചും ജോലി നഷ്ടപ്പെടുമെന്ന ഭീഷണി മുഴക്കി കണ്ണുനീരിലാക്കിയുമാണ് പിടിച്ചെടുക്കല്‍ നടത്തുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതുസംബന്ധിച്ച് ജീവനക്കാര്‍ ആശുപത്രി സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, ഡിഎംഇ എന്നിവര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: