ഗര്‍ഭിണിയായ ആന സാക്ഷര കേരളത്തിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടെന്ന് പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും ജിഹാദികള്‍ക്കും വര്‍ഗീയ വാദികള്‍ക്കും സഹിക്കാത്തതുകൊണ്ട് ആന വെള്ളത്തിലിറങ്ങി, മറ്റുള്ളവരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങാതെ ആത്മഹത്യ ചെയ്തു എന്ന് പറയാം. നടന്നത് കേരളത്തിലായതുകൊണ്ട് മറ്റിടങ്ങളിലുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം ഇവിടെ നൂറു ശതമാനം സാക്ഷരതയാണല്ലോ. അങ്ങനെ ഞെട്ടിയത് കേരളത്തിന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു എന്നാണ് നമ്മുടെ മുഖ്യമന്ത്രി ആക്ഷേപിച്ചത്. ഒരു വന്യമൃഗം അതിനീചമായി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ആത്മാഭിമാനത്തിന് തെല്ലും പോറലേല്‍പ്പിച്ചിട്ടില്ല. നമുക്ക് ആശ്വസിക്കാം.
പക്ഷെ ഈ ഹീനകൃത്യമൊന്നുമല്ല നാം ചര്‍ച്ച ചെയ്യേണ്ടത്, ദേശീയ തലത്തില്‍ പ്രതികരിച്ചവര്‍ മലപ്പുറം എന്നു പറഞ്ഞു പോയി. അത്രയും വലിയ അപരാധം വേറെയുണ്ടോ? പ്രതികരിച്ച മനേക ഗാന്ധി മലപ്പുറം എന്നു പറഞ്ഞതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നു. അങ്ങനെയെങ്കില്‍ മലപ്പുറമെന്ന് ആദ്യം റിപ്പോര്‍ട്ടു ചെയ്ത ചില മലയാള മാധ്യമങ്ങള്‍ക്കെതിരെയും കേസെടുക്കണം. മുഖ്യമന്ത്രിക്കോ ഡിജിപിക്കോ അതിനുള്ള സത്യസന്ധതയുണ്ടോ? ദൈവത്തിന്റെ സ്വന്തം നാടെന്ന് മറ്റുള്ളവര്‍ വിശേഷിപ്പിച്ചത് മലപ്പുറത്തെ കണ്ടുകൊണ്ടാണെന്ന മട്ടിലാണ് പിണറായി വിജയനും പ്രഭൃതികളും പ്രതികരിക്കുന്നത്. പക്ഷെ ഒടുവില്‍ കേട്ടത് പ്രതികളായിരിക്കുന്നവര്‍ മലപ്പുറംകാരാണെന്നാണ്. അതുകൊണ്ട് വീണ്ടും മലപ്പുറം എന്നു പറയാമോ? മുഖ്യമന്ത്രിയോട് ചോദിച്ചു വേണം എല്ലാവരും പ്രതികരിക്കാന്‍.
മലപ്പുറത്തെക്കുറിച്ച് ദോഷമൊന്നും പറയരുത്, അവിടെയുള്ളവരെല്ലാം വെള്ളരിപ്രാവുകളാണ് തുടങ്ങിയ പ്രയോഗങ്ങളാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. അത് ആരുടെയെങ്കിലും കുടുംബസ്വത്താണോ എന്ന കാര്യം തല്ക്കാലം അവിടെ നില്ക്കട്ടെ. മലപ്പുറത്തിന്റെ നിഷ്ക്കളങ്കതയും മതസൗഹാര്‍ദ്ദവും നമുക്കൊന്ന് പരിശോധിക്കാം.
മതസൗഹാര്ദ്ദമറിഞ്ഞ എഴുത്തച്ഛനും ഒവിയും
കെ.എന്‍.എ. ഖാദര്‍ ഇടയ്ക്കിടെ പറയാറുള്ളത് അവിടെ മുസ്ലീം ഭൂരിപക്ഷമായതുകൊണ്ട് ഏറ്റവും മാതൃകാപരമായ സൗഹാര്‍ദ്ദമാണ് നിലനില്‍ക്കുന്നത് എന്നാണ്. അതിന്റെ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാടായ തിരൂരില്‍ തുഞ്ചന്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചതും നിര്‍മ്മിച്ചതും. പക്ഷെ സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കാരണം അവിടെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. തുഞ്ചന്‍ ഹിന്ദുവാണ്. മലയാളത്തിന്റെ പിതാവ് എന്നത് ഞങ്ങളെ സംബന്ധിക്കുന്നതല്ല. ഫലത്തില്‍ തുഞ്ചന്‍ പ്രതിമ കാട്ടിലെറിഞ്ഞു. മതേതരത്വം സംരക്ഷിക്കപ്പെട്ടു! തിരൂര്‍ മലപ്പുറം ജില്ലയാണെന്നാണ് അറിവ്. അങ്ങനെ പറയാന്‍ പാടുണ്ടോ എന്നറിയില്ല.
മലപ്പുറം ജില്ലയിലാണ് കോട്ടയ്ക്കല്‍. അവിടെ ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാലയമാണ് രാജാസ് ഹൈസ്ക്കൂള്. മലയാളത്തിലെ അവധൂതനായ സാഹിത്യകാരന് ഒ.വി. വിജയന് പഠിച്ച വിദ്യാലയം. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി വിദ്യാലയത്തിന് മുമ്പില്‍ വിജയന്റെ പ്രതിമ സ്ഥാപിച്ചു. എന്നാല്‍ അത് അനാച്ഛാദനം ചെയ്യുന്നതിന് മുമ്പുതന്നെ തകര്‍ക്കപ്പെട്ടു. കാരണം പ്രതിമ മലപ്പുറത്തിന് ഹറാമാണ് പോലും! ഇതും മലപ്പുറമായതുകൊണ്ട് ഉച്ചത്തില്‍ പറയാമോ?
കുറച്ചുനാള്‍ മുമ്പാണല്ലോ ആസിഫ എന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നത്. ആസിഫ എന്നത് മുസ്ലീം നാമം ആയതുകൊണ്ടു മാത്രം നാട്ടിലെമ്പാടും കലാപം അഴിച്ചുവിട്ടു. കമ്മ്യൂണിസ്റ്റുകളും മതമൗലികവാദികളുമായിരുന്നു മുന്നില്‍. പ്രതികളായവര്‍ ഹിന്ദു നാമധാരികളായതാണ് വര്‍ഗീയ ലഹള നടത്താന്‍ കാരണമായത്. അതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ അക്രമം നടത്തിയ സ്ഥലം മലപ്പുറം ജില്ലയായിരുന്നു. ഹിന്ദുക്കളുടെ കടകള്‍ തെരഞ്ഞുപിടിച്ച് തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. താനൂരില്‍ പ്രസിദ്ധമായ ഒരു ഹിന്ദു കച്ചവട സ്ഥാപനം തല്ലിത്തകര്‍ത്തതും കൊള്ളയടിച്ചതും നമ്മള് ലൈവായി കണ്ടതാണ്. വഴിയാത്രക്കാരെ തടഞ്ഞു നിര്‍ത്തി പേരു ചോദിച്ച്, മതം മനസ്സിലാക്കിയാണ് ചിലരെ കടത്തിവിട്ടതും അല്ലാത്തവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതും. ഇത് മലപ്പുറം ജില്ലയിലായതുകൊണ്ട് പറയാമോ? നമ്മുടെ ആത്മാഭിമാനം തകര്‍ന്നതായി പിണറായി വിജയന് തോന്നിയോ?
ഭാവിയും സുരക്ഷിതം
ഏതാനും മാസങ്ങള്‍ക്കു മുമ്പാണല്ലോ പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യമെമ്പാടും പ്രത്യേകിച്ചും കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടത്. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെക്കൊണ്ട് പ്രകടനം നടത്തിക്കുകയും പ്രധാനമന്ത്രിയുടെ തന്തക്ക് വിളിപ്പിക്കുകയും ചെയ്തത് എവിടെയായിരുന്നു? പരപ്പനങ്ങാടിയിലെ കുഞ്ഞുങ്ങള്‍ക്ക് അവര്‍ വിളിച്ച തെറിയുടെ അര്‍ത്ഥമറിയില്ലെങ്കിലും രക്ഷകര്‍ത്താക്കളും അധ്യാപകരും വളരെയധികം സന്തോഷിച്ചു. കാരണം വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ ഒന്നാം തരം വര്‍ഗീയ വിഷം വഹിച്ചുകൊണ്ടാണല്ലോ മുമ്പോട്ടു വരുന്നത്. ഭാവിയിലെ കലാപകാരികള്‍ ഇപ്പോഴേ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതും മലപ്പുറം ജില്ലയിലാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? അത് കേരളത്തെ ഇകഴ്ത്താനായിരുന്നോ പുകഴ്ത്താനായിരുന്നോ?
ഇസ്ലാമിക നോയമ്പുകാലത്ത് തുറന്നു പ്രവര്‍ത്തിച്ച പല ഹോട്ടലുകളും മതേതര മലപ്പുറത്ത് ആക്രമിച്ചിട്ടില്ലെ? അത് ഏത് സൗഹാര്‍ദ്ദം നിലനിര്‍ത്താനായിരുന്നു? തിരൂരില്‍ മതേതര മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ബസ് സ്റ്റാന്റിലെ ഹോട്ടലുകള്‍ ഇപ്പോഴും ഒരു മാസക്കാലം അടച്ചിടുന്നു എന്നു കേള്‍ക്കുന്നു. മുസ്ലീങ്ങളല്ലാത്തവരും അക്കാലത്ത് ഭക്ഷണം കഴിക്കേണ്ട എന്നാണോ? നടത്തിപ്പുകാരന് മതവിശ്വാസിയായിരിക്കാം. യാത്രക്കാര്‍ എല്ലാവരും അങ്ങനെയല്ലല്ലോ. എന്നാലും വര്‍ഗീയതയ്ക്ക് എതിരാണ് ഞങ്ങള്‍ എന്നു പറയാന്‍ കമ്മ്യൂണിസ്റ്റിനും വര്‍ഗീയവാദികള്‍ക്കും ഒരു ചങ്കുളുപ്പുമില്ല.
ഹറാമാണ്, സിനിമ പാടില്ല
മുമ്പ് മലപ്പുറം ജില്ലയില്‍ ധാരാളം സിനിമാ തീയേറ്ററുകള്‍ കത്തിച്ചു. സിഗരറ്റ് ബോംബ് എന്ന പുതിയ തന്ത്രമായിരുന്നു ആയുധം. സിനിമ ഹറാമാണ് എന്നാണ് ഉയര്‍ന്ന വാദം. അങ്ങനെ കണക്കാക്കുന്നവര്‍ സിനിമ കാണാതിരുന്നാല്‍ പോരെ? പക്ഷെ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ മതേതരത്വം നിലനില്‍ക്കുന്നത് എന്നതുകൊണ്ട് സിനിമ ആരും കാണേണ്ട എന്നതായിരുന്നു പ്രഖ്യാപനം. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണകാലത്ത് അങ്ങനെ ചെയ്തിരുന്നു. മലപ്പുറത്തും പരിസര പ്രദേശങ്ങളിലും താലിബാന് മോഡല്‍ തഴച്ചുവളര്‍ന്നത് നമ്മുടെ ആത്മാഭിമാനം ഉയര്‍ത്തിയ കാര്യമാണോ?
മതത്തിന്റെ സങ്കുചിതത്വത്തെ നിരാകരിക്കുകയും വിശാലതയുടെ ആവശ്യകത ഉയര്‍ത്തിപ്പറയുകയും ചെയ്തു എന്ന ഒറ്റക്കാരണത്താല്‍ ഒരു മൗലവിയെ കൊന്നുതള്ളിയതും മലപ്പുറം ജില്ലയിലാണ്. ചേകന്നൂര്‍ മൗലവിയെ കൊന്നവരുടെ രോമത്തെ തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല.
ശതമാന കണക്കില്‍ മാപ്പിള സ്കൂള്‍
മതേതര കേരളത്തിലെ മതേതര വിദ്യാലയത്തില്‍ അമ്പത്തൊന്നു ശതമാനം വിദ്യാര്‍ത്ഥികള്‍ മുസ്ലിം കുട്ടികളായാല്‍ ആ വിദ്യാലയം മാപ്പിള സ്കൂള്‍ ആകും പോലും! അതെങ്ങനെയാണ് നാല്പത്തൊമ്പതില് നിന്ന് രണ്ടു ശതമാനം കൂടി വര്‍ദ്ധിച്ചാല്‍ മതേതര വിദ്യാലയം മാപ്പിള വിദ്യാലയമായി മാറുന്നത്? മതേതര മലപ്പുറത്ത് ഇപ്പോള്‍ എത്ര ‘സര്‍ക്കാര്‍ മാപ്പിള സ്ക്കൂളുകള്‍’ ഉണ്ട്?
വന്നുവന്ന് മലപ്പുറം ജില്ലയിലിരിക്കുന്ന കോഴിക്കോട് സര്‍വ്വകലാശാലയില്‍ പട്ടികജാതിക്കാരനായ ആള് വൈസ് ചാന്‍സലര്‍ ആകുമെന്നായപ്പോള്‍ ജിഹാദികളും വര്‍ഗീയ വാദികളും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് രൂക്ഷമായ എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നു. കാരണം പട്ടികജാതിക്കാരന് എന്നു പറയുമ്പോള്‍ ഹിന്ദു നാമധാരിയാണല്ലോ. മലപ്പുറം ജില്ലയിലിരിക്കുന്ന കോഴിക്കോട് സര്‍വ്വകലാശാലയില്‍ പട്ടികജാതിക്കാരന് ഇരിക്കാന്‍ പാടില്ല. സത്യം ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ അപ്പോള്‍ ആത്മാഭിമാനത്തിന്റെ പ്രശ്നമായി, വര്‍ഗീയ അജണ്ടയായി, ഇസ്ലാം വിരുദ്ധമായി അങ്ങനെ പോകുന്നു വാദങ്ങള്‍.
മലപ്പുറം ആരുടെയും പിതൃസ്വത്തല്ല
മലപ്പുറം ജില്ലയോ കേരളമോ ആരുടെയെങ്കിലും പിതൃസ്വത്തല്ല. അങ്ങനെ അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകളും ജിഹാദികളും വര്‍ഗീയവാദികളും തിരിച്ചറിവു നേടേണ്ടതുണ്ട്. മലപ്പുറം തുഞ്ചന്റെ കിളിക്കൊഞ്ചല്‍ കേട്ടുണര്‍ന്ന നാടാണ്. പൂന്താനത്തിന്റെ കൃഷ്ണഭക്തി വഴിഞ്ഞൊഴുകിയ മണ്ണാണ്. മേല്‍പ്പത്തൂരിന്റെ നാരായണീയ ശീലുകള്‍ പാടി വളര്‍ന്ന തലമുറകളുടെ നാടാണ്. മാന്ധാതാവ് മഹര്‍ഷി തപസ്സു ചെയ്ത നാടാണ് (തിരുമാന്ധാംകുന്ന്). ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടും കമ്മ്യൂണിസ്റ്റുകളും വര്‍ഗീയ വാദികളും ചേര്‍ന്ന് ഹിന്ദുക്കളുടെ ആരാധനാ സ്വാതന്ത്ര്യം തടഞ്ഞപ്പോള്‍ അതു പിടിച്ചു വാങ്ങിയ ഇടമായ അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ നാടാണ്. ഉണ്യന്‍ സാഹിബ് രാമസിംഹനായപ്പോള് അദ്ദേഹത്തെയും കുടുംബത്തെയും വധിച്ചും ഒപ്പം അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തെ വര്‍ഗീയവാദികള്‍ തകര്‍ത്തും കളഞ്ഞിരുന്നല്ലോ. അതേ സ്ഥലത്ത് വീണ്ടും ക്ഷേത്രം കെട്ടിയുയര്‍ത്തി ആത്മാഭിമാനം വീണ്ടെടുത്ത നാടാണ് മലപ്പുറം (അങ്ങാടിപ്പുറം മാട്ടുമ്മല്‍ നരസിംഹസ്വാമി ക്ഷേത്രം – മലാപ്പറമ്പ്).
ഇത് ‘ഞങ്ങളില്‍ ചിലരുടെയാണ്’ എന്നു പറഞ്ഞ് കുത്തകാവകാശം നേടാന്‍ ശ്രമിച്ചാല്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. മലപ്പുറവും കേരളവും ഒക്കെ എല്ലാവരുടെയുമാണ്. ഇവിടം വിശാല ഭാരതത്തിന്റെ ഒരംശം കൂടിയാണ്. അതിനെപ്പറ്റി പറയാന്‍ 131 കോടി ജനങ്ങള്‍ക്കും തുല്യാവകാശമാണ്.
ജനാധിപത്യത്തിലേക്ക് ഇനിയും നേരം വെളുക്കാത്തവര്‍ക്കും, അതിനു നൂറ്റാണ്ടുകള്‍ ഇനിയും വേണ്ടിവരുന്നവര്‍ക്കും തിരിച്ചറിയാന്‍ സമയമെടുക്കും. അതുവരെ അങ്ങനെയുള്ളവരെ എല്ലാവരും സഹിച്ചുകൊള്ളണം, അനുസരിച്ചു കൊള്ളണം എന്നൊന്നും മലയാള നാട്ടിലെ തമ്പുരാക്കന്മാര് ദയവായി കല്പിക്കരുത്. അനുസരിക്കാന്‍ ഇക്കാലത്തെ പ്രജകള്‍ക്ക് സൗകര്യമില്ല എന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: