പയ്യന്നൂര്‍: കോറോണ മഹാവ്യാധി ലോകത്തെ പിടിച്ചു ലക്കുമ്പോള്‍ ജ്യോതിഷ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രശ്ന പരിഹാരത്തിനുമായി വളരെ ലളിതമായ ഒരു കംപ്യൂട്ടര്‍ അപ്ളിക്കേഷന്‍ നിര്‍മ്മിച്ച് വിസ്മയമാവുകയാണ് ചിത്തന്നൂര് മംഗലശ്ശേരി ഇല്ലത്തെ ആനന്ദേശ്വര്‍ എന്ന പതിനഞ്ചുകാരന് .പരിയാരം ഉര്‍സുലൈന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ ആനന്ദേശ്വര്‍ ലോക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ജോത്സ്യന്മാര്ക്കും ജ്യോതിഷ സംബന്ധമായ ആവശ്യമുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ അപ്ളിക്കേഷന്‍.
അകലം പാലിക്കേണ്ട ഇന്നത്തെ സാഹചര്യത്തില്‍ ജ്യോത്സ്യരെ ചെന്ന് കണ്ട് പ്രശ്ന പരിഹാരം നടത്താന്‍ സാധ്യമല്ലെന്നിരിക്കെ ഈ ആപ്പ് വഴി കേരളത്തിലെ പ്രധാന ജ്യോതിഷികളെ പരിചയപ്പെടാനും അവരുടെ അപ്പോയ്മെന്റ് നേടി പ്രശ്ന ചിന്ത നടത്താനും ഈ ആപ് വഴി സാധിക്കും.ജ്യോതിഷ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പില്‍ ഇപ്പോള്‍ തന്നെ നിരവധി ജ്യോതിഷികള്‍ അംഗമായി കഴിഞ്ഞു.
ലോകത്ത് എവിടെയുള്ളവര്‍ക്കും എവിടെയുള്ള ജ്യോത്സ്യന്മാരുമായും നേരിട്ട് സംവദിക്കാനും ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാനും ഈ ആപ്പിലൂടെ സാധിക്കുന്നു. ജ്യോതിഷികളുടെ ഫീസ് ഗൂഗിള്‍ പേ, ഫോണ്‍ പേ, കാര്‍ഡ് പേയ്മെന്റ് തുടങ്ങി ഏത് രീതിയിലും അടക്കാം.ടെക്സ്റ്റ് മെസേജാ യോ ലൈവ് വീഡിയോ ആയോ ജ്യോത്സ്യന്മാരുമായി സംസാരിക്കാം.
കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ ഏറെ തല്പരനായ ആനന്ദേശ്വര്‍ യൂ ടുബിലൂടെയും മറ്റ് അപ്ലികേഷന് വഴിയുമാണ് ഇതിന്റെ സാങ്കേതിക വിദ്യകള്‍ പഠിച്ചത്. ജ്യോതിഷ പണ്ഡിതനായ അച്ഛന് മംഗലശ്ശേരി ഉണ്ണികൃഷ്ണന് നമ്പൂതിരിയും അമ്മ വീണാലക്ഷ്മിയും ആനന്ദേശ്വറിന്റെ പരിശ്രമങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തു.നാലാം ക്ലാസുകാരി അളകനന്ദയാണ് ആനന്ദേശ്വറിന്റെ ഏക സഹോദരി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: