മൂന്നാര്‍: ദേവികുളം താലൂക്കിലെ വിവിധ കുടികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ അധ്യാപകര്‍ നേരിട്ടെത്തി. വനവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് അടിമാലി സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരുടെ സംഘം കുടികള്‍തോറും സഞ്ചരിച്ചത്. പല കുടികളിലും ഡിഷ് ഉപയോഗിച്ചാണ് ടെലിവിഷന്‍ കാണുന്നതിനുള്ള സൗകര്യമുള്ളത്. വിദ്യാഭ്യാസ ചാനലിനെക്കുറിച്ചും ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമങ്ങളെക്കുറിച്ചും അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു.
ടെലിവിഷന്‍ സൗകര്യമില്ലാത്തവര്‍ക്കായി സാമൂഹിക അകലം പാലിച്ച് പഠിക്കുന്നതിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നതിനും ചില കുടികളില്‍ കമ്മ്യൂണിറ്റി ഹാളുകളും ഒരുക്കിയിട്ടുണ്ട്. ചിന്നപ്പാറകുടി, പ്ലാമല, കൊടകല്ല്, ചെക്ക്ഡാം, തലനിരപ്പന്‍ തുടങ്ങി വിവിധ കുടികളിലെ 350 തോളം കുട്ടികളെ അധ്യാപകര്‍ നേരിട്ടെത്തി കാണുകയും പഠന സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയുമായിരുന്നു. അടിമാലി സര്‍ക്കാര്‍ സ്കൂളിലെ എച്ച് എം ലൈല എമ്മിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അധ്യാപകരുട സന്ദര്‍ശനം. അധ്യാപകരായ ജസ്റ്റിന് ജോയി, സിന്ധു സി.കെ, ബിന്ദു കെ.സി, നിഷാദ്, നാന്‍സി മാത്യൂ, റിന്‍സി ഫ്രാന്‍സിസ്, റിട്ടേ. അധ്യാപകനായ ടി.എന്‍. മണിലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് കുടികള്‍ സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: