അഞ്ചല്‍ (കൊല്ലം): മൃതദേഹപരിശോധനയ്ക്കായി അഞ്ചല്‍ സിഐ നല്കിയ നിര്‍ദേശം വിവാദമായി. മൃതദേഹവുമായി തന്റെ വീട്ടിലെത്താന്‍ ആവശ്യപ്പെട്ടതാണ് സംഭവം.
ഇടമുളയ്ക്കലില്‍ കഴിഞ്ഞദിവസം ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൃതദേഹത്തോട് അനാദരവ് കാട്ടിയത്. സംഭവദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീര്‍ സ്ഥലത്തുനിന്ന് മടങ്ങി. തുടര്‍ന്ന് സിഐയുടെ അസാന്നിധ്യത്തില്‍ സുജിനിയുടെ ഭര്‍ത്താവ് സുനിലിന്റെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ മറ്റുള്ള പോലീസുദ്യോഗസ്ഥര്‍ നടത്തി.
എന്നാല്‍, പോസ്റ്റ്മോര്‍ട്ടത്തിനായി രേഖകളില്‍ അഞ്ചല്‍ സ്റ്റേഷന് ഹൗസ് ഓഫീസറായ സിഐ സുധീര്‍ ഒപ്പ് ഇടേണ്ടതിനാല്‍ ബന്ധുക്കള്‍ മൃതദേഹവുമായി അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പത്ത് മിനിറ്റോളം സ്റ്റേഷനില്‍ മൃതദേഹവുമായി നിന്നിട്ടും സിഐ എത്തിയില്ല. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വീട്ടിലെത്താന്‍ സുനിലിന്റെ ബന്ധുക്കളോട് ആവശ്യപ്പെട്ടു. മൃതദേഹവുമായി 15 കിലോമീറ്ററോളോം സഞ്ചരിച്ച് കടയ്ക്കലിലെ വീടുപണി നടക്കുന്ന സ്ഥലത്തു ചെന്ന് ഒപ്പ് വാങ്ങിയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരത്തേക്ക് പോയത്.
അഞ്ചലില്‍ നിന്ന് ഇത്രയധികം ദൂരം മൃതദേഹവുമായി ആംബുലന്‍സ് ഓടി താമസിച്ചത് കൊണ്ടു മെഡിക്കല്‍ കോളേജിലെത്താന്‍ വൈകി. ഇതോടെ പോസ്റ്റുമോര്‍ട്ടം തൊട്ടടുത്ത ദിവസത്തേക്ക് മാറ്റിയെന്ന് സുജിനിയുടെ ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: