ന്യൂദല്‍ഹി: കൊറോണ ചികിത്സയ്ക്ക് സസ്യങ്ങളില്‍ നിന്ന് വികസിപ്പിച്ച എസിക്യുഎച്ച് എന്ന മരുന്നിന് ക്ലിനിക്കല്‍ പരീക്ഷണാനുമതി നല്കി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍). സിഎസ്ഐആര്‍ ഡിജി ഡോ. ശേഖര്‍ മണ്ടേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ വികസിപ്പിച്ച മരുന്നുപയോഗിച്ച് ഇന്നലെ മുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ആധുനിക വൈദ്യചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്നും മണ്ടേ അഭിപ്രായപ്പെട്ടു. ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതിയും കഴിഞ്ഞ ദിവസം സണ്‍ ഫാര്‍മസ്യൂട്ടിക്കലിന് ലഭിച്ചിരുന്നു. ഇന്ത്യയിലെ 12 കേന്ദ്രങ്ങളിലായി 210 രോഗികളിലാകും ആദ്യ ഘട്ടത്തില്‍ മരുന്നു പരീക്ഷണം.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ സസ്യങ്ങളില്‍ നിന്ന് വികസിപ്പിച്ച മരുന്ന് ഡെങ്കി ചികിത്സയ്ക്കാണ് ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട് നടത്തിയ പഠനങ്ങളില്‍ ഈ മരുന്നിന് വലിയ തോതില്‍ ആന്റി വൈറല്‍ സ്വഭാവമുള്ളതായി കണ്ടെത്തിയിരുന്നു. ആദ്യഘട്ട പരീക്ഷണം വന്‍ വിജയമായതിനെ തുടര്‍ന്നാണ് കൊറോണ ചികിത്സയ്ക്ക് ഈ മരുന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: