പത്തനാപുരം: കുണ്ടയം കാരംമൂട്ടില്‍ അജ്ഞാതജീവിയുടെ ആക്രമണമെന്ന് സംശയം. മൂന്ന് ആടുകള്‍ ചത്തു. കാരമൂട് എസ്എന്‍ മന്‍സിലില്‍ നാസറൂദ്ദീന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടുകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്.
മകളുടെ വിവാഹാവശ്യത്തിനായി രണ്ടുദിവസം മുമ്പാണ് ഇവയെ വാങ്ങിയത്. ആടുകളുടെ ശരീരത്തില്‍ ആഴത്തിലുളള മുറിവുകളുണ്ട്. കൂടാതെ ചുമരിലും അജ്ഞാത ജീവിയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്പാടുകളും കണ്ടെത്തി.
പുലിയുടെ ആക്രമണമാണെന്ന സംശയമുണ്ടെങ്കിലും നഗരഹൃദയത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഇവിടേക്ക് പുലിയെങ്ങനെയെത്തും എന്ന സംശയത്തിലാണ് നാട്ടുകാര്‍.
മാത്രമല്ല ഇവയെ ഭക്ഷിക്കാത്തതിനാല്‍ കാട്ടുപൂച്ചയോ വള്ളിപ്പുലിയോ ആകാമെന്നും സംശയിക്കുന്നു. ആടുകളെ വെറ്ററിനറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നും വിശദമായ പരിശോധനാഫലം പുറത്തുവന്നാലെ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും പത്തനാപുരം റെയ്ഞ്ച് ഓഫീസര്‍ അനീഷ് പറഞ്ഞു. സംഭവത്തില്‍ പത്തനാപുരം പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരുതിക്കൂട്ടിയുളള മനുഷ്യന്റെ ആക്രമണമാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൂടാതെ പ്രദേശത്ത് വനംവകുപ്പ് ക്യാമറയും സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: