പത്തനാപുരം: പാലക്കാട് തിരുവിഴാംകുന്ന് വനമേഖലയില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം വിവാദമായിരിക്കെ പത്തനാപുരം പിറവന്തൂര്‍ കോട്ടയ്ക്കകത്ത് നടന്ന സമാന സംഭവത്തിലും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. അച്ചന്‍കോവില്‍ ഓലപ്പാറയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് ആയിരുന്നു 30 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്.
ഏപ്രില്‍ ആദ്യവാരം അച്ചന്‍കോവില്‍ അലിമുക്ക് പാതയോരത്തെ കാട്ടരുവിയ്ക്ക് സമീപമാണ് ആനയെ ആദ്യമായി നാട്ടുകാര്‍ കണ്ടത്. വായ്ക്കുള്ളില്‍ ഗുരുതരമായി മുറിവേറ്റ കാട്ടാന അരുവിയില്‍ നിന്ന് വായിലേക്ക് വെള്ളം കോരി ഒഴിച്ച് നില്‍ക്കുന്നതായിരുന്നു ആദ്യ കാഴ്ച. നാക്കും താടിയെല്ലും തകര്‍ന്ന ആനയ്ക്ക് ആഹാരം കഴിക്കുവാന്‍ സാധിച്ചിരുന്നില്ല. പടക്കം പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്ന് വനംവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വനപാലകരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘം നിരവധിതവണ ആനയെ കരയ്ക്കെത്തിച്ചു ചികിത്സ നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കാട്ടരുവിയ്ക്ക് സമീപത്ത് നിന്നും 6 കിലോമീറ്റര്‍ ഉള്‍ക്കാട്ടിലാണ് തൊട്ടടുത്ത ദിവസം ആനയുടെ ജഡം കാണുന്നത്.
രാസപരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടിലെന്നാണ് അറിയുന്നത്. വനം വന്യജീവി വകുപ്പിലെ പ്രത്യേക വെറ്റിനറി സര്ജന്മാരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാണ് ആനയുടെ മൃതദേഹം മറവ് ചെയ്തത്. സ്ഫോടകവസ്തു വായ്ക്കുള്ളില്‍വച്ച് പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചതിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തീകരിച്ച ഡോക്ടര്‍ ശ്യാം ചന്ദ്രന് പറഞ്ഞിരുന്നു.എന്നാല്‍ സംഭവം രണ്ടു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും വകുപ്പിനെ കൈമാറിയിട്ടില്ല എന്നുള്ളതാണ് സത്യാവസ്ഥ.ആനയ്ക്ക് സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കാത്തതാണ് മരണകാരണമെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.
മുന്‍പും നിരവധി തവണ കാട്ടുപന്നി അടക്കമുള്ള മൃഗങ്ങള്‍ക്ക് സ്ഫോടകവസ്തുക്കള്‍ കടിച്ച് പരിക്കേറ്റിരുന്നു. രണ്ടുവര്‍ഷം മുമ്പ് മാങ്കോട് പാടം വനമേഖലയില്‍ സ്ഫോടകവസ്തു എടുത്ത് തുമ്പിക്കൈയ്ക്ക് പരിക്കേറ്റ ആന വനാതിര്‍ത്തിയില്‍ എത്തുകയും വനം വകുപ്പ് ചികിത്സ നല്‍കിയെങ്കിലും ആ ആനയും ചരിഞ്ഞിരുന്നു. . ഇതിലെല്ലാം പിന്നില്‍ ഉള്‍ക്കാട്ടില്‍ അതിക്രമിച്ച് കടന്ന മൃഗവേട്ട സംഘമാണെന്നും കൃഷി നശിപ്പിക്കുന്നതിന് കര്‍ഷകര്‍ വച്ച കെണിയാണ് സംഭവത്തിന് പിന്നില്‍ എന്ന് സംശയമുണ്ട്.
ആനകള്‍ക്ക് തുടര്‍ച്ചയായി സ്ഫോടകവസ്തു ഉപയോഗിച്ച് അപകടം സംഭവിക്കുന്നതിനു പിന്നില്‍ വന്‍ ലോബി ആണെന്ന് ആള് കേരള എലിഫന്റ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹിയായ കെ ബി ഗണേഷ് കുമാര്‍എം.എല്‍.എ പറയുന്നു. നിരവധി തവണ മൃഗവേട്ട സംഘത്തിന്റെ ആക്രമണങ്ങള്‍ ഉണ്ടായിട്ടും നടപടിയൊന്നും എടുത്തിട്ടില്ല എന്നുള്ളതാണ് വസ്തുത. സംഭവങ്ങളില്‍ ആനപ്രേമികള്‍ക്കും ശക്തമായ എതിര്‍പ്പും പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: