മുക്കം: അനധികൃതമായി മണല്‍കടത്തി വന്ന ടിപ്പര്‍ ലോറി പോലീസ് പിടികൂടി. ഇരുവഴിഞ്ഞി പുഴയിലെ കാരശ്ശേരി ചീപ്പാങ്കുഴി കടവില്‍ നിന്നും മണലുമായി എത്തിയ കെഎല്‍ 11 വി 5336 നമ്പര്‍ ടിപ്പര്‍ ലോറിയാണ് മുക്കം പോലീസ് പിടികൂടിയത്. മണല്‍ മാഫിയക്കെതിരെ നടപടി ശക്തമാക്കിയതിനു ശേഷം രണ്ടാഴ്ചക്കുള്ളില്‍ രണ്ടാമത്തെ മണല്‍ ലോറിയാണ് പോലീസ് പിടികൂടുന്നത്. കാരശ്ശേരി ചീപ്പാങ്കുഴി കടവിലേക്ക് കുളിക്കടവിലേക്കാണെന്ന വ്യാജേന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി റോഡ് നിര്‍മ്മിച്ചാണ് മണല്‍ കടത്തുന്നതെന്നു പോലീസ് പറഞ്ഞു.
ഇത്തരത്തില്‍ മണല്‍ മാഫിയക്ക് സഹായകമായി മണല്‍ കടത്തുന്നതിന് റോഡ് നിര്‍മ്മിക്കാന്‍ സൗകര്യമൊരുക്കിയ വ്യക്തിക്കെതിരേയും കേസെടുക്കുമെന്നും മുക്കത്തും പരിസര പ്രദേശങ്ങളിലും മണല്‍ ശേഖരിച്ചു വീട് നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെവന്നാല്‍ കളവുമുതല്‍ സൂക്ഷിച്ചതിനു ശക്തമായ നടപടി സ്വീകരിക്കുമെന്നും മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജു അറിയിച്ചു.
രാത്രി സമയങ്ങളില്‍ പോലീസിന്റെ നീക്കം കൃത്യമായി നിരീക്ഷിച്ചാണ് മണല്‍ മാഫിയ ഓരോ നീക്കവും നടത്തുന്നത്. മുക്കം പോലീസ് സ്റ്റേഷന് പരിധിയില്‍ നൈറ്റ് പട്രോളിങ് ശക്തമാക്കിയത് ഇവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. വരും ദിവസങ്ങളിലും മണല്‍ കടവുകള്‍ കേന്ദ്രീകരിച്ചു ശക്തമായ നിരീക്ഷണം നടത്തുമെന്നും മണല്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിടികൂടി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുക്കം പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: