ഹൂസ്റ്റണ്‍: എല്ലാവരും പരിസ്ഥിതിദിനത്തില്‍ തൈനട്ടു മാതൃകയായപ്പോള്‍, ഹൂസ്റ്റണിലെ വീട്ടുവളപ്പില്‍ മുന്നേ നട്ട നടുതലകള്‍ വിളവെടുത്തു ഗോപനും മിനിയും.വിഷംതൊടാത്ത നല്ല ഒന്നാംതരം ബയോഫ്രഷ് പച്ചക്കറികള്‍. കണിവെയ്ക്കാന്‍ കൊള്ളുന്ന ലക്ഷണമൊത്ത വലിയ വെള്ളരി, പൊട്ടുവെള്ളരി, വെണ്ടയ്ക്ക, കയ്പ്പക്ക, കോവയ്ക്ക, മത്തങ്ങ, തക്കാളി, കുരുത്തോലപ്പയര്‍ എല്ലാമുണ്ട് ബാക്ക് യാര്‍ഡില്‍.പേരയ്ക്ക, പപ്പായ അങ്ങിനെ എല്ലാമുണ്ട് ഗോപന്റെ അടുക്കളത്തോട്ടത്തില്‍.
ഇവയെല്ലാം ഗോപന് നട്ടു പരിപാലിക്കുന്നവ. ഇവയ്ക്കെല്ലാമിടയില്‍ തടികൊണ്ട് സ്വന്തമായൊരു പര്ണകുടീരവും തീര്‍ത്തിട്ടുണ്ട് .വിശാലമായ വളപ്പില്‍ വിവിധതരം റോസുകളാലും തനിനാടന്‍ പൂച്ചെടികളാലും ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് . അവയുടെ പരിപാലനം മക്കളായ മീരയും രശ്മിയും നേരിട്ടാണ്.
കേരളത്തിലെ നാട്ടുമ്പുറത്തു നിന്ന് അതിവേഗം അപ്രത്യക്ഷമാകുന്ന ഔഷധഗുണമുള്ള കാട്ടുചെത്തിയുമുണ്ട് ഇവരുടെ ആരാമത്തില്‍. ചെത്തികളും ചെമ്പരത്തികളുമെല്ലാം നാട്ടില്‍ വന്നു മടങ്ങുമ്പോള്‍ കടല്കടത്തുന്നവ. ആറുമാസം അതിശൈത്യം അനുഭവപ്പെടുന്ന അമേരിക്കയില്‍ ചെടിയും വിളയും വര്‍ഷം മുഴുവന്‍ പരിപാലിക്കുക എളുപ്പമല്ല. മുരിങ്ങയൊക്കെ ഇലകാണാതെ കായ്പിടിക്കുമെങ്കിലും ശൈത്യകാലത്തെ അതിജീവിക്കില്ല. ഗാരേജിലേക്കും ചിലതെല്ലാം വീട്ടിനുള്ളിലേക്കും മാറ്റിയാണ് ഇവയുടെ ശൈത്യകാല പരിപാലനം.
ട്രാസ്പോര്‍ട്ട് വകുപ്പില്‍ ജോലി ചെയ്യുന്ന ഗോപകുമാറും ഭാര്യ നെഴ്സായ മിനിയും വര്‍ഷങ്ങളായി വീട്ടുവളപ്പില്‍ ‘മലയാളി’ പച്ചക്കറികള്‍ വളര്‍ത്തി വിളവെടുക്കുന്നുണ്ട്. ഇവരുടെ തോട്ടത്തിലെ കറിവേപ്പില അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളി കുടുംബങ്ങളില്‍ ക്വിറിയറായി എത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: