കുവൈറ്റ് സിറ്റി – കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രണ്ട് മലയാളിയടക്കം 10 പേരാണ് കൊറോണ ബാധയേത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ മരണമടഞ്ഞത്. തിരുവനന്തപുരം കടകമ്പള്ളി ആനയറ സ്വദേശി ശ്രീകുമാർ നായരാണ് മരണമടഞ്ഞത്. 61 വയസ്സായിരുന്നു. അദാൻ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ഫൈവ് സ്റ്റാർ കമ്പനിയിൽ കഴിഞ്ഞ 15 വർഷമായി സ്റ്റോർ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
കൊല്ലം പറവൂർ കറുമണ്ടൽ സ്വദേശി കല്ലും കുന്ന് വീട്ടിൽ ഉഷാ മുരുകനാണ് മരിച്ച രണ്ടാമത്തെ മലയാളി. 42 വയസ്സായിരുന്നു. കൊറോണബാധയേറ്റ് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭർത്താവ് സതീശനും മകൻ കാർത്തികേയനും കുവൈത്തിലാണു ജോലി ചെയ്യുന്നത്. ഉദയ ലക്ഷ്മിയാണു മകൾ
. ഹൃദയാഘാതംമൂലം മറ്റൊരു മലയാളികൂടി അബ്ബാസിയയിലെ താമസ സ്ഥലത്ത് വെച്ച് മരണമടഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം സ്വദേശി മുഹമ്മദ് ഷാജിയാണ് മരിച്ചത്. അബ്ബാസിയയിൽ ബക്കാല നടത്തിവരികയായിരുന്നു.
രാജ്യത്തെ കൊറോണ വൈറസ് ബാധയെയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 254 ആയി. പുതുതായി 67 ഇന്ത്യക്കാർ ഉൾപ്പെടെ 487 പേർക്കാണു രോഗ ബാധ സ്ഥിരീകരിച്ചത്. ആകെ രാജ്യത്തെ രോഗബാധിതര്‍ 31,131 ആയി. ഇവരിൽ 9125 പേർ ഇന്ത്യക്കാരാണു. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട രാജ്യം തിരിച്ച് കുവൈറ്റ് സ്വദേശികൾ 195 പേരും, ഈജിപ്ത്‌കാർ 81ഉം, ബംഗ്ലാദേശികൾ 47പേരും മറ്റുള്ളവർ വിവിധ രാജ്യക്കാരുമാണ്. 1005 പേര്‍കൂടി രോഗ മുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 19282 ആയി. ചികിത്സയില്‍ കഴിയുന്ന 11,595പേരില്‍ 180 പേര്‍ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: