കുവൈറ്റ്:രണ്ട് മലയാളികളടക്കം കുവൈറ്റില്‍ 8 പേരാണ് മരണമടഞ്ഞത്. തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജമാലുദ്ദീൻ മരണമടഞ്ഞത് കൊറോണ ബാധയെത്തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്. 46 വയസ്സായിരുന്നു. യർമൂഖിൽ സ്വദേശി വീട്ടിൽ ജോലിചെയ്ത് വരികയായിരുന്നു ഇദ്ദേഹം. പത്തനംതിട്ട കടമ്മനിട്ട മണൽ നിരവേൽ എം. പി യോഹന്നാനാണ് മരണമടഞ്ഞ രണ്ടാമത്തെ മലയാളി. 57 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അങ്കാറയിൽ അൽജാബ്രി കമ്പനിയിൽ ജീവനക്കാരനായിരുന്നു. കൊറോണ ബാധയേറ്റ് രാജ്യത്തെ ആകെ മരണമടഞ്ഞവരുടെ എണ്ണം 244 ആയി.
ഇന്ന് പുതുതായി 139 ഇന്ത്യക്കാർ ഉൾപ്പെടെ 723 പേർക്കാണു രോഗ ബാധ സ്ഥിരീകരിച്ചത്. 9058 ഇന്ത്യാക്കാരടക്കം രാജ്യത്തെ കൊറോണ ബാധയേറ്റവരുടെ എണ്ണം 30644ആയി. ഇന്ന് രോഗബാധയേറ്റ രാജ്യങ്ങള്‍ തിരിച്ച് കുവൈറ്റ് സ്വദേശികൾ 262ഉം ,ഈജിപ്ത്‌കാർ 94ഉം, ബംഗ്ലാദേശികൾ 101 മറ്റുള്ളവർ വിവിധ രാജ്യക്കാരുമാണ്. പുതിയ കൊറോണ രോഗികളുടെ കണക്കനുസരിച്ചു നിലവിലുള്ള ഐസൊലേഷൻ പ്രദേശങ്ങളിൽ മാറ്റം വരുത്തും. രോഗ ബാധ കൂടുതൽ റിപ്പോര്ട്ട് ചെയ്ത അബ്ദലി, സാദ് അബ്ദുള്ള മേഖലകൾ കൂടി ഐസൊലേറ്റ് ചെയ്യാനാണ് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്.
1054 പേര്‍കൂടി ഇന്ന് രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 18277 ആയി. ചികിത്സയില്‍ കഴിയുന്ന 12123 പേരില്‍ 197 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: