കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തില്‍ പ്രകൃതിയിലേക്ക് മടങ്ങുകയെന്ന അഹ്വാനവുമായി കുട്ടികളുടെ ചലച്ചിത്രം. കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യുപി വിദ്യാര്‍ഥികളാണ് നിസര്‍ഗ എന്ന പേരില്‍ ഹൃസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പ്രകാശനം നിര്‍വഹിച്ച ചിത്രം ഈ പരിസ്ഥിതി ദിനത്തില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്.
കുഴിയാനയും തുമ്പിയും കൂടെ കുട്ടി കുട്ടികളുമാണ് ചിത്രത്തില്‍. പണ്ട് കാലത്തു ധാരാളമായി കണ്ടിരുന്ന പലജീവികളും ഇന്ന് ഭൂമിയില്‍ അന്യം വന്നു പോയിരിക്കുന്നു. അതില്‍ തന്നെ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ജീവിയാണ് കുഴിയാന. ഈ കുഴിയാന വളര്‍ന്നു രൂപ മാറ്റം വരുമ്പോള്‍ ഒരുതരം തുമ്പി ജന്മമെടുക്കുന്നു. ഈ തുമ്പി ചെടിയിലും പച്ചക്കറികളിലും ഒക്കെയുള്ള ചെറിയ ചെറിയ പ്രാണികളെയും മറ്റും തിന്നാണ് ജീവിക്കുന്നത്. പുതിയ തലമുറയ്ക്ക് തുമ്പിയും കുഴിയാനയും ഒക്കെ പുതുമയായിരിക്കും. നമുക്ക് അന്യമായി കൊണ്ടിരിക്കുന്ന ഇത്തരം പ്രകൃതി പാഠങ്ങളാണ് അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം സംസാരിക്കുന്നത്. കഥ എഴുതിയതും സ്ക്രിപ്റ്റ് തയ്യാറാക്കിയതും മുതല്‍ ക്യാമറയിലും സംവിധാനത്തിലും വരെ കുട്ടികള്‍ കയ്യൊപ്പുചാര്ത്തിയെന്നത് ഈ ചിത്രത്തെ വേറിട്ട അനുഭവമാക്കുന്നു.
കുട്ടികള്‍ക്ക് ചിത്രമൊരുക്കാന്‍ സംവിധാനത്തില്‍ മാധ്യമ പ്രവര്‍ത്തകനായ എസ്.എന്‍ രജീഷും, ക്യാമറയില്‍ സുശോഭ് നെല്ലിക്കോടും, ലൈറ്റിങ്ങില്‍ സാംജിത് ലാലും, ശബ്ദ മിശ്രണത്തില്‍ ഹരിയും, എഡിറ്റിംഗില്‍ മനു ഗോവിന്ദുമാണ് സഹായം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: