Categories: Environment

തീണ്ടലില്‍ തലതാഴ്‌ത്തി വിരണന്റെ കാവ്; ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയില്‍ ക്ഷേത്രം നാശനത്തിന്റെ വക്കില്‍

കാട്ടാക്കട: ജൈവ വൈവിധ്യങ്ങളുടേയും ഔഷധസസ്യങ്ങളുടേയും ഐതീഹ്യ പെരുമയുടേയും കേദാരമായിരുന്നു വീരണകാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ കാവ്. കാവിന് കണ്ണാടിയായി മുന്നിലൊരു കുളം. 3.70 ഏക്കര്‍ വിസ്തൃതിയുള്ള ജില്ലയിലെ ഏറ്റവും വലുതില്‍ ഒന്നായ ഈ കാവിന് 2000 വര്‍ഷത്തെ പഴക്കമുണ്ട്. കാവുതീണ്ടരുതെന്ന പഴമക്കാരുടെ ഓര്‍മപ്പെടുത്തല്‍ പുത്തന്‍ തലമുറ തെറ്റിച്ചപ്പോള്‍ തല താഴ്‌ത്തിയത് വിരണന്‍ കാത്ത കാവുതന്നെ.

വിരണന്‍ എന്നാല്‍ സംസ്‌കൃതത്തില്‍ കൊതിയന്‍ എന്നര്‍ത്ഥം. വീരണകാവില്‍ സ്വയംഭൂവായ ശാസ്താവിന് ഈ പേര് കല്‍പ്പിച്ചു നല്‍കിയത് ഒരു കാട്ടുമൂപ്പനും. പണ്ട് തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ തിരുമുല്‍കാഴ്ചകളുമായി അമ്പൂരി ഊരില്‍ നിന്ന് വനവാസികള്‍ കാല്‍നടയായി പോയിരുന്നത് വീരണകാവിന് മുന്നിലെ കാട്ടുവഴിയിലൂടെ.  

വനവാസികളുടെ കയ്യിലിരുന്ന ചിങ്ങന്‍ കുലയില്‍ ശാസ്താവ് കണ്ണുവച്ചു. ഭഗവാന്റെ ആഗ്രഹം പൂജാരി കാട്ടുമൂപ്പനെ അറിയിച്ചെങ്കിലും അവര്‍ രാജാവിനുള്ള കാഴ്‌ച്ചക്കുല നല്‍കാന്‍ കൂട്ടാക്കിയില്ല. ഉടന്‍ വനവാസികളുടെ കാഴ്ച നഷ്ടപ്പെട്ടു. പിഴമൂളി ദ്രവ്യങ്ങളില്‍ ഒരു പങ്ക് ശാസ്താവിന് സമര്‍പ്പിച്ചതോടെ കാഴ്ച തിരിച്ചു കിട്ടി. അപ്പോള്‍ കൊതിയന്‍ എന്ന അര്‍ത്ഥത്തില്‍ ‘ഹമ്പട, വിരണാ…’ എന്ന് കാട്ടുമൂപ്പന്‍ ശാസ്താവിനെ വിളിച്ചുവത്രെ. അതോടെ കാവിനും നാടിനും വീരണകാവെന്ന് പേരു കിട്ടിയെന്ന് ഐതീഹ്യം.

അരശും അത്തിയും കടമ്പും മാവും പ്ലാവുമൊക്കെയായി ആയിരത്തോളം വൃക്ഷങ്ങള്‍ ആകാശ മേലാപ്പിന് കുട ചൂടിച്ച ഒരു നല്ല കാലമുണ്ടായിരുന്നു വിരണന്റെ ഈ കാവിന്. അപൂര്‍വ ഔഷധസസ്യങ്ങളുടെ കലവറ. നൂറു കണക്കിന് പക്ഷികളും ശലഭങ്ങളും നാഗത്താന്‍മാരും സൈ്വര്യവിഹാരം നടത്തിയ കാവ്. രാജകുടുംബം 51 വാണ്ടയില്‍ പണിക്കന്‍മാര്‍ക്കും ശാസ്താവിനും സംരക്ഷണാവകാശം കല്‍പ്പിച്ചു നല്‍കിയ കാവ്. ഒടുവില്‍ ജനാധിപത്യം വന്നപ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലായി കാവും ക്ഷേത്രവും. കാവിന്റെ നാശവും അവിടെ തുടങ്ങി.

വിറകിനും മരുന്നിനും ചിലര്‍ കാവിലേക്ക് കടന്നതോടെ കാവുതീണ്ടി. വന്‍ മരങ്ങളെല്ലാം പട്ടുവീണു. ഔഷധചെടികള്‍ കരിഞ്ഞു. ഇന്നീ കാവില്‍ ആകെയുള്ളത് നാഗ പ്രതിഷ്ഠയ്‌ക്കരികിലെ കടമ്പുമരം മാത്രം. ഈഞ്ചയും ചൂരലും പടര്‍ന്നു പിടിച്ച കാവിന്റെ ദുഃസ്ഥിതിയില്‍ വേദനിച്ച നാട്ടുകാര്‍ 1990ല്‍ ദേവപ്രശ്‌നം നടത്തി. കാവിനുള്ളില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയണം, നക്ഷത്ര വനം ഉള്‍പ്പടെ വനവല്‍ക്കരണം നടത്തണമെന്നും ദേവപ്രശ്‌നത്തില്‍ വിധി വന്നു. തുടര്‍ന്ന് കാവിന് ചുറ്റുമതില്‍ വന്നു. 

പക്ഷേ, വനവല്‍ക്കരണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് ദേവസ്വം ബോര്‍ഡ് മുഖം തിരിച്ചു. ഒരു നാടിനെ അടയാളപ്പെടുത്തിയ കാവിന് സംരക്ഷണമൊരുക്കാന്‍ അധികൃതര്‍ മടിച്ചപ്പോള്‍ ഒരു ജൈവ സംസ്‌കൃതിയാണ് നശിച്ചു കൊണ്ടിരിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക