മുക്കം: ശരീരം തളര്‍ന്ന് കിടപ്പിലായവരുടെയും മുച്ചക്രവാഹനത്തില്‍ ജീവിതം തള്ളിനീക്കു ന്നവരുടെയും വരുമാനമാര്‍ഗം വഴിമുട്ടി. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ കുടകള്‍ ഉള്‍പ്പെടെ നിര്‍മ്മാണവസ്തുക്കള്‍ വിറ്റഴിക്കാനിടമില്ലാതായതോടെയാണ് ഇവരുടെ ജീവിതം വഴിമുട്ടിയത്.
സ്കൂളുകള്‍ തുറക്കുമ്പോഴുമുള്ള കുട വില്‍പ്പനയായിരുന്നു ഓരോ വര്‍ഷവും ഇവരുടെ പ്രധാന വരുമാനമാര്‍ഗം. ഇത്തവണയും പതിവുപോലെ കുടകള്‍ നിര്‍മിച്ചെങ്കിലും അപ്രതീക്ഷിതമായെത്തിയ മഹാമാരിയില്‍ കുടകള്‍ വിറ്റഴിക്കാനാവാതെ ബുദ്ധി മുട്ടിലായിരിക്കുകയാണ്. ബസ് സ്റ്റാന്റുകളും വിദ്യാലയങ്ങളുമായിരുന്നു പ്രധാന വിപണന കേന്ദ്രം. പൊതുപരിപാടികളിലും മറ്റിടങ്ങളിലും മുച്ചക്ര വാഹനത്തില്‍ സഞ്ചരിച്ചും വില്‍പ്പന നടത്താറുണ്ടായിരുന്നു. വിറ്റഴിക്കുന്നതില്‍ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരും സന്നദ്ധ സംഘടനകളും കൈത്താങ്ങാകാറുമുണ്ട്. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ എല്ലാം മുടങ്ങിയിരിക്കുകയാണ്.
സോപ്പ്, ഫാന്‍സി സാധനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും നടക്കുന്നില്ല. നിര്‍മ്മാണ ചെലവ് താങ്ങാനാകാത്തതിനാല്‍ ബാങ്കില്‍ നിന്നു ലോണെടുത്തും വ്യക്തികളില്‍നിന്നു കടം വാങ്ങിയുമാണ് നിര്‍മാണ സാമഗ്രികള്‍ വാങ്ങിയത്. വിറ്റശേഷം തിരിച്ചടക്കലാണ് പതിവ്. കുടകള്‍ വില്‍പ്പന നടക്കാത്തപക്ഷം കടക്കെണിയില്‍ വീഴുമെന്നും ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് കുടകള്‍ എത്തിച്ചു കൊടുക്കുമെന്നും പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരില്പ്പെട്ട സുഭാഷ് കോട്ടൂളി ( 949530 7433, 7012013180 ), ഷമീര്‍ ചേന്ദമംഗല്ലൂര്‍ (9645861715), മുഹമ്മദലി മുരിങ്ങംപുറായി (+919847192013) എന്നിവര്‍ പറഞ്ഞു. ഇവരെപ്പോലെ ധാരാളം ഭിന്നശേഷിക്കാരായ സഹോദരങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടയുടെ കിറ്റുകളെടുത്ത് കുടകള്‍ ഉണ്ടാക്കി വില്‍ക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: