വടകര : മണിയൂര്‍ പഞ്ചായത്തില്‍ ചൊവ്വാപ്പുഴയോടു ചേര്‍ന്ന് യുവസംരഭകര്‍ നടത്തുന്ന മത്സ്യഫാമിലെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തി. വിഷം കലര്‍ത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. പതിനായിരത്തോളം കരിമീന്കുഞ്ഞുങ്ങളാണ് ചത്തത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മണിയൂര്‍ പഞ്ചായത്ത് പതിനേഴാംവാര്ഡിലെ കരുവഞ്ചേരി ചരളുംപുറത്ത് ഫിഷ്ഫാമിലാണ് സംഭവം. പുഴയോടു ചേര്‍ന്നുള്ള കൈത്തോടുകളില്‍ വലകെട്ടിയാണ് ഒമ്പതംഗ സംഘം പതിനായിരത്തോളം കരിമീന്‍കുഞ്ഞുങ്ങളെ വളര്‍ത്തിയത്. എല്ലാം മൂന്നുമാസത്തോളം പ്രായമെത്തിയവയാണ്. ഇവയില്‍ ഭൂരിഭാഗവും ചത്തുപൊന്തി. ഇവിടെ സ്വാഭാവികമായി വളര്‍ന്ന മാലാന്‍, പൂമീന്‍ എന്നിവയും ചത്തു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തുപൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വെള്ളത്തില്‍ ഓക്സിജന്റ അഭാവമാണെന്ന് കരുതി അധികൃതരുടെ നിര്‍ദേശപ്രകാരം ശുദ്ധജലം പമ്പ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച രാവിലെയോടെ എല്ലാ മീനുകളും ചത്തുപൊങ്ങി. ഒരുലക്ഷം രൂപ മുതല്‍മുടക്കിയാണ് ഫിഷറീസ് അധികൃതരില്‍ നിന്ന് ഇവര്‍ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്.
കൈത്തോടുകള്‍ ഒരുക്കുന്നതിനും മറ്റും വലിയതുക ചെലവായി. പുഴയില്‍നിന്ന് ഫാമിലേക്ക് വെള്ളം കയറാറുണ്ട്. എന്നാല്‍ പുഴയിലെ മത്സ്യങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. വിഷം കലര്‍ത്തിയതാണെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് ഇതാണ്. വെള്ളത്തില്‍ വിഷം കലര്‍ത്തിയതായി സംശയിക്കുന്നതായി സ്ഥലം സന്ദര്‍ശിച്ച ഫിഷറീസ് ഉദ്യോഗസ്ഥരും പറഞ്ഞു. പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: