ചെറുതോണി: പുഴ ശുചീകരണത്തിന്റെ മറവില്‍ മണലുകടത്തുന്നതായി പരാതി. പുഴയിലെ മാലിന്യങ്ങള്‍ നീക്കുന്നതിന്റെ മറവില്‍ ചെറുതോണി പെരിയാര്‍ വാലി പ്രദേശത്ത് പെരിയാറ്റില്‍ വന്‍ മണല്‍ക്കൊള്ള നടത്തുന്നു. ഇടുക്കി തടിയമ്പാട് ഭാഗത്തുനിന്നാണ് ഇന്നലെ ജെസിബി ഉപയോഗിച്ച് ലോറികളില്‍ ലോഡുകള്‍ കൊണ്ടുപോയത്. ഈ ലോഡുകള്‍ സ്വകാര്യ ക്രഷറില്‍ കൊണ്ടുപോയി നിക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
മരിയാപുരം പഞ്ചായത്ത് ആണ് പുഴശുചീകരണത്തിന് പകരം മണല്‍ കടത്തി കൊണ്ടുപോകുന്നത്. ചെറുതോണിയിലൂടെ കടന്നുപോകുന്ന പെരിയാറിന്റെ പകുതിഭാഗം മരിയാപുരം പഞ്ചായത്തിലും പകുതി വാഴത്തോപ്പ് പഞ്ചായത്തിലുമാണ്. വാഴത്തോപ്പ് പഞ്ചായത്തിലെ പുഴയുടെ ഭാഗം ശുചീകരിക്കാന്‍ തുടങ്ങി. വെള്ളക്കയം മുതല്‍ കരിമ്പന്‍ പാലം വരെയുള്ള പ്രദേശമാണ് മരിയാപുരം പഞ്ചായത്ത് അതിര്‍ത്തിയിലുള്ളത്. ഇവര്‍ പുഴ ശുചിയാക്കുന്നതിന് പകരം തടിയംപാട് ചപ്പാത്തിന് സമീപം അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ കയറ്റികൊണ്ടുപോകുകയാണ്.
വെള്ളക്കയത്ത് നിന്നും കരിമ്പനില്‍ നിന്നും ശുചീകരണമാരംഭിക്കാതെ തടിയംപാട് നിന്നും നിര്‍മ്മാണം ആരംഭിച്ചതില്‍ ദുരൂഹതയുണ്ട്. പത്തിലധികം ടിപ്പര്‍ ലോറികളില്‍ നുറുകണക്കിന് ലോഡ് മണലാണ് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. മണല്‍ വാരുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് മണല്‍ വാരുന്നതെന്ന് സമീപവാസികളാരോപിച്ചു. പാംബ്ലയില്‍ നിര്‍മ്മിതിയുടെ നേതൃത്വത്തില്‍ മണല്‍ വാരിവില്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമൂലം നിറുത്തിവച്ചിരിക്കുകയാണ്.
വെള്ളമൊഴുകുന്നതിന് തടസമുള്ള പ്രദേശത്ത് നിന്നല്ല മണലുകടത്തുന്നതെന്നും ആരോപണമുണ്ട്. ഭരണ സമിതിയുടെ ഒത്താശയോടെയാണ് കരാറുകാരന് മണലുകൊണ്ടുപോകുന്നത്. കാലവര്ഷമാരംഭിച്ചതിനാല് പെരിയാറ്റില്‍ വെള്ളമുയരാന്‍ തുടങ്ങും അതിന് മുമ്പ് പുഴ ശുചീകരിക്കണമെന്നാണ് നാട്ടുകാരാവശ്യപ്പെടുന്നത്. റവന്യൂ, ഫോറസ്റ്റ് വകുപ്പുകള്‍ സംയുക്തമായി തീരുമാനമെടുക്കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും മണല്കടത്തുന്നതിനെതിരെ ഒരു വിഭാഗം പരാതി നല്‍കാനൊരുങ്ങുകയാണ്.
മണല്‍ കൊള്ള: ബിജെപി
കട്ടപ്പന: പുഴയുടെ തിട്ടകള്‍ ഇടിച്ചും കുഴികള്‍ നികന്ന് കിടക്കുന്ന മണലുകള്‍ കോരിയെടുത്തും വലിയ പാരിസ്ഥിതിക പ്രശ്നത്തിനാണ് ഇപ്പോള്‍ വഴിയൊരുക്കുന്നതെന്ന് ബിജെപി. ഈ മണല്‍ മറിച്ച് വില്‍ക്കാനാണ് നിലവിലെ ശ്രമം.
മഴക്കാലം എത്തുന്നതോടെ വെള്ളം ഒഴുകി പോകാന്‍ തടസ്സം ആയിട്ടുള്ള മാലിന്യങ്ങള്‍ മാത്രം നീക്കാനാണ് സര്‍ക്കാര്‍ ഉത്തരവ് ഉള്ളത്. ഇതേ സമയം മണല്‍ നിക്ഷേപം ഇല്ലാത്ത കൈ തോടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ യാതൊരു നടപടിയും സ്വീകരിക്കുതുമില്ലെന്നും ബിജെപി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: