ചെറുതോണി: കൊറോണ രോഗിയായി ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി പ്രസവിച്ചു. കാല്‍വരിമൗണ്ട് സ്വദേശിയായ യുവതി ബുധനാഴ്ച രാത്രി 8.30നാണ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിത്. ന്യൂദല്‍ഹിയിലെ നഴ്സായ യുവതി കഴിഞ്ഞ 22നാണ് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമൊപ്പം ട്രെയിനില്‍ കേരളത്തിലെത്തിയത്.
എറണാകുളത്ത് നിന്ന് ടാക്സിയില്‍ കാല്‍വരിമൗണ്ടിലെ വീട്ടിലെത്തിയ പൂര്‍ണഗര്‍ഭിണിയായ യുവതി ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇതിനിടെ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിലെത്തി സ്രവം പരിശോധനക്ക് നല്‍കിയിരുന്നു.
കഴിഞ്ഞ ഒന്നിനാണ് ഇവര്‍ക്ക് കൊറോണ രോഗമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 3.2 കിലോ തൂക്കമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന്റെ സ്രവം ഏതാനും ദിവസങ്ങള്‍ക്കുശേഷം പരിശോധനക്കെടുക്കും.
മെഡിക്കല്‍ കോളജാശുപത്രിയില്‍ ഓപ്പറേഷന് തിയറ്ററില്‍ ഡോ. ബെനത്ത്, അനസ്ത്യേഷ്യ സ്പെഷ്യലിസ്റ്റ് ഡോ. ജുനൈദ്, പീഡിയാട്രീഷന്‍ ഡോ. വിഷ്ണു, സ്റ്റാഫ് നഴ്സ് സോണി ജോസഫ്, അനസ്ത്യേഷ്യ ടെക്നീഷ്യന് അപര്‍ണ, തിയറ്ററിലെ മറ്റ് റെന്നി, രാജന് എന്നിവരാണ് ഉണ്ടായിരുന്നത്. സര്‍ജറിക്കുശേഷം തിയറ്റര്‍ അണുവിമുക്തമാക്കി. യുവതിക്കൊപ്പം സഞ്ചരിച്ച ഭര്‍ത്താവിനും ഇദ്ദേഹത്തിന്റെ അമ്മയും ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരും ഇപ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: