ഗുരുവായൂര്‍: 2 മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ നിബന്ധനകളോടെ 6 വിവാഹങ്ങളാണ് ഇന്ന് കണ്ണന്റെ തിരുനടയില്‍ നടക്കുക. ഇന്നലെ മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ അനുമതിയായെങ്കിലും ആദ്യദിനത്തില്‍ ബുക്കിങ്ങൊന്നും ലഭിച്ചില്ല.
ഒരു വിവാഹ ചടങ്ങിന് 10 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. വധൂവരന്മാരടക്കം 10 പേരെ മാത്രമേ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ. ഓരോ വിവാഹം കഴിഞ്ഞും മണ്ഡപം അണുവിമുക്തമാക്കും. ഒരേസമയം രണ്ടു മണ്ഡപങ്ങളില്‍ വിവാഹം നടക്കും. മൂന്നു കല്യാണമണ്ഡപങ്ങള്‍ തയ്യാറാക്കുമെങ്കിലും താലി പൂജ,ദര്‍ശനം എന്നിവക്ക് അനുമതിയില്ല.
ഒരു വിവാഹത്തിന് രണ്ടു ഫൊട്ടോഗ്രാഫര്‍മാരെ അനുവദിക്കും. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നു ലഭിച്ച നോണ്‍ ക്വാറന്റൈന്‍ നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകളും വിവാഹം ബുക്ക് ചെയ്യുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.
വിവാഹം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കിഴക്കേനടയിലെ വൈജയന്തി കെട്ടിടത്തിലെ ബുക്സ്റ്റാളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. രാവിലെ 5 മുതല്‍ ഉച്ചയ്‌ക്ക് 12ന് നടയടക്കും വരെ വിവാഹങ്ങള്‍ നടത്താനാണ് ദേവസ്വം തീരുമാനം. ഒരു ദിവസം പരമാവധി 60 വിവാഹങ്ങള്‍ നടത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: