ന്യൂദല്‍ഹി: കൈതച്ചക്കയില്‍ പടക്കങ്ങള്‍ വച്ച് നല്കി ഗര്‍ഭിണിയായ ആനയെ പൈശാചികമായി കൊലപ്പെടുത്തിയ കേസില്‍ ശക്തമായ നടപടി ഉറപ്പു നല്കി കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. സംസ്കാരത്തിനു തന്നെ നിരക്കാത്ത നടപടിയായി ഇത്. ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. സംഭവത്തില്‍ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ രൂക്ഷമായ പ്രതികരണമായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ മനേകാ ഗാന്ധിയുടേത്. അധികൃതര്‍ കൃത്യസമയത്ത് ശക്തമായ നടപടികള്‍ എടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് മനേക പറഞ്ഞു. വന്യമൃഗങ്ങളെ കൊല്ലുന്നവര്‍ക്കോ വനം കൈയേറി മൃഗങ്ങളെ പിടിക്കുന്നവര്‍ക്കോ എതിരെ അധികൃതര്‍ കാര്യമായ ഒരു നടപടിയും കൈക്കൊള്ളാറില്ല, അവര്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവം നടന്നത് മലപ്പുറത്താണെന്ന് മനേക പറഞ്ഞത് ചിലര്‍ വിവാദമാക്കി. എന്നാല്‍ വനംവകുപ്പു നല്കിയ വിവരം അനുസരിച്ചാണ് അങ്ങനെ പറഞ്ഞതെന്നും സ്ഥലമല്ല, താന്‍ ഉന്നയിച്ച പ്രശ്നമാണ് പ്രസക്തമെന്നും മനേക വിശദീകരിച്ചു.
മെയ് 27നാണ് ആന വെള്ളയാറില് നിന്ന നിലയില്‍ ചരിഞ്ഞത്. കൈതച്ചക്കയില്‍ വച്ചു നല്കിയ പടക്കങ്ങള്‍ കടിച്ച് വായും വയറും തകര്‍ന്ന ഗര്‍ഭിണിയായ ആന വേദന കുറയ്ക്കാനും ഈച്ചകളില്‍ നിന്ന് രക്ഷ നേടാനുമാണ് വെള്ളത്തിലിറങ്ങി നിന്നത്. ആഹാരം കഴിക്കാന്‍ പോലുമാകാതെ ആന വെള്ളത്തില്‍ തന്നെ ചരിയുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ ആനയുടെ വയറ്റില്‍ നിന്ന് വെറ്ററിനറി സര്ജന് ആനക്കുട്ടിയുടെ ഭ്രൂണം എടുത്തിരുന്നു.
ആസൂത്രിത കൊലയെന്നാണ് സംഭവത്തെ പ്രമുഖ വ്യവസായിയും ടാറ്റാ ഗ്രൂപ്പ് ഉടമയുമായ രത്തന്‍ ടാറ്റാ വിശേഷിപ്പിച്ചത്. സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. നിരപരാധിയായ ഗര്‍ഭിണിയായ ആനയെ കൈതച്ചക്കയില്‍ പടക്കം വച്ച് കൊന്നിരിക്കുന്നു. ആ ആനയ്ക്ക് നീതി ലഭിക്കണം, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബോളിവുഡ് താരങ്ങളായ അനുഷ്ക ശര്‍മ, ശ്രദ്ധാ കപൂര്‍, രണ്‍ദീപ് ഹൂഡ, ദിയ മിര്‍സ തുടങ്ങിയവരും സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചു.
മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം സ്ഫോടക വസ്തു വായില്‍ ഇരുന്ന് പൊട്ടിയതിനെ തുടര്‍ന്ന് ആന ചരിഞ്ഞ സംഭവം പോലീസും വനംവകുപ്പും സംയുക്തമായി അന്വേഷിക്കും. കുറ്റക്കാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയും ജില്ലാ ഫോറസ്റ്റ് ഓഫീസറും ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: