ഇരിട്ടി: വീണ്ടും പുഴ ശുചീകരിക്കാനെന്ന പേരില്‍ വന്‍ മണല്‍ക്കൊള്ള. മാലിന്യങ്ങള്‍ നീക്കി ഒഴുക്ക് ക്രമപ്പെടുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം മറയാക്കിയാണ് മണല്‍കൊള്ള നടക്കുന്നത്. വന്‍ മണലെടുപ്പ് തന്നെയാണ് ഇപ്പോഴും ഇരിട്ടി മേഖലയിലെ പുഴകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം പുഴയില്‍ നിന്നും നീക്കേണ്ട ചെളിയും കല്ലും പുഴയോരത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. പുഴയുടെ ഒഴുക്കിനു ഒരു തടസ്സവും ഉണ്ടാക്കാത്ത ഭാഗത്തെ മണല്‍ മുഴുവന്‍ കോരിക്കടത്തുകയും ചെയ്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന പുഴ ശുചീകരണത്തിനിടയിലാണ് വ്യാപകമായി മണല്‍ വില്‍പ്പനയും നടന്നിരിക്കുന്നത്. ശുചീകരണത്തിനിടയില്‍ പുഴയില്‍ നിന്നും ശേഖരിക്കുന്ന മണല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ അധീനതയില്‍ സൂക്ഷിക്കണമെന്ന പൊതു നിര്‍ദ്ദേശം ഇവിടെയും കാറ്റില്‍ പറത്തുകയാണ് .
ശുചീകരണത്തില്‍ നിന്നും പൊതുമേഖലാ സ്ഥാപനമായ ക്ലേയിസ് ആന്‍ഡ് സെറാമിക്സിനെ ഒഴിവാക്കിയത് തന്നെ മണലിന്റെ പേരില്‍ ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നായിരുന്നു. പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് ജില്ലാ ഭരണകൂടം പുഴയോര മേഖലയിലെ പഞ്ചായത്തുകളെ ഇതിനായി ചുമതലപ്പെടുത്തിയത്. പുഴയിലെ കല്ലും മണ്ണും നീക്കുന്നതിനിടയില്‍ ലഭിക്കുന്ന മണല്‍ ശേഖരിക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവെങ്കിലും രണ്ട് ദിവസമായി നടന്നത് മണലെടുപ്പ് തന്നെയായിരുന്നു.
നിരവധി ടിപ്പറുകളും മണ്ണ് മാന്തി യന്ത്രങ്ങളുമായി നടത്തിയ പ്രവര്‍ത്തനത്തിലും അധികൃതരുടെ കണ്ണ് വെട്ടിക്കാന്‍ ചിലയിടങ്ങളില്‍ അല്‍പ്പം ശുചീകരണ പ്രവൃത്തി നടത്തി എന്നല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. നിരവധി പ്രദേശങ്ങളിലാണ് മണല്‍ രഹസ്യമായി കടത്തി സൂക്ഷിച്ചിരിക്കുന്നത് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് പുഴ ശുചീകരണം നടക്കുന്നതെങ്കിലും പ്രാദേശിക മണല്‍വാരല്‍ സംഘങ്ങളാണ് രണ്ട് ദിവസമായി പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്.
പുഴയില്‍ നിന്നും ശേഖരിക്കുന്ന മണലിന്റെയും മറ്റ് അവശിഷ്ടങ്ങളുടേയും വ്യക്തമായ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ മേഖലയിലെ പല നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും മണല്‍ എത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്. ബാവലി, ബാരാപോള്‍ പുഴയുടെ പരിധിയില്‍ വരുന്ന അയ്യന്‍കുന്ന്, പായം, മുഴക്കുന്ന് പഞ്ചായത്തു പരിധിയിലെ പുഴകളിലാണ് ശുചീകരണം നടക്കുന്നത്. രണ്ടുദിവസമായി നടക്കുന്ന ശുചീകരണത്തിനിടിയും കാര്യമായ അവശിഷ്ടങ്ങള്‍ ഒന്നും പുഴയില്‍ നിന്നും നീങ്ങിയിട്ടുമില്ല.
മണലെടുപ്പ് പ്രദേശങ്ങള്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എം.ആര്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പുഴ ശുചീകരണത്തിന്റെ മറവില്‍ വീണ്ടും മണല്‍ കടത്തു വ്യാപകമായി നടക്കുന്നതായി സുരേഷ് ആരോപിച്ചു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വള്ളിത്തോട് നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ സ്ഥലത്ത് മണല്‍ ഇറക്കി അതിന്റെ മുകളില്‍ മണലല്ലെന്ന് വരുത്താന്‍ കരിങ്കല്‍ പൊടി വിതറി സൂക്ഷിച്ചതായി കണ്ടെത്തിയത്. ഇതുപോലെ മേഖലയില്‍ നിരവധി വ്യക്തികള്‍ക്ക് മണല്‍ എത്തിച്ചു നല്‍കിയതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: