തിരുവല്ല: സ്ത്രീപീഡനം അടക്കം നിരവധി ആരോപണവിധേയനായ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഷിജു പി. കുരുവിളയെ സസ്പെന്‍ഡ് ചെയ്തിട്ടും ഏരിയാ കമ്മറ്റി അംഗമായി നിലനിര്‍ത്തിയ സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയില്‍ കൂട്ടരാജി. നാലുലോക്കല് സെക്രട്ടറിമാരടക്കം 10 പേരാണ് രാജിവെച്ചത്. രണ്ടു പേര് നടപടിയില്‍ പ്രതിഷേധിച്ച് ഏരിയാ കമ്മറ്റി യോഗവും ബഹിഷ്കരിച്ചു. ആരോപണ വിധേയനായ ലോക്കല്‍ സെക്രട്ടറിയെ സഹായിക്കാന്‍ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ രംഗത്തു വന്നതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി.
ഇരവിപേരൂര്‍ ഏരിയക്ക് കീഴിലുള്ള പുറമറ്റം ലോക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ആളുകള്‍ സ്വീകരിച്ച മൃദു സമീപനത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. ഷിജുവിനെ ഏരിയ കമ്മിറ്റി അംഗമായി നില നിര്‍ത്തി ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ചൂണ്ടിക്കാട്ടി. എന്നാല്‍ സെക്രട്ടറിയേറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ആവശ്യം നിരാകരിച്ചു.
ഇതേ തുടര്‍ന്നാണ് ഏരിയ കമ്മിറ്റി അംഗങ്ങളായ പത്ത് പേര് രാജിവച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജില്ലാ പ്ലാനിങ്ങ് കമ്മിറ്റി അംഗവുമായ എന്‍. രാജീവ്, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്റെ മകന് അഭിലാഷ് ഗോപന്, കവിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ. സോമന്, ഇരവിപേരൂര്‍ ലോക്കല്‍ സെക്രട്ടറി കെ എന്‍ രാജപ്പന്, ഓതറ ലോക്കല്‍ സെക്രട്ടറി കെ അനില്‍കുമാര്‍, വെണ്ണിക്കുളം ലോക്കല്‍ സെക്രട്ടറി അലക്സ് തോമസ് എന്നിവരാണ് രാജിവച്ചത്. രണ്ട് അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചു.
ഇതോടെ 20 അംഗ ഏരിയ കമ്മിറ്റി ന്യൂനപക്ഷമായി. എന്നിട്ടും യോഗം ചേര്‍ന്ന് ഏരിയ കമ്മറ്റി പിരിച്ചുവിടുമെന്ന ഭീഷണി ജില്ലാ സെക്രട്ടറി ഉയര്‍ത്തിയതോടെ മൂന്ന് അംഗങ്ങള്‍ ഒഴികെ ബാക്കിയുള്ളവരും ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടു. ഇതോടെ ഉച്ചയോടെ യോഗം അലസിപ്പിരിഞ്ഞു. തിരുവല്ലയില്‍ നടന്ന കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജാതീയമായ വിഭാഗീയത നിലനില്‍ക്കുന്ന സ്ഥലമാണ് പത്തനംതിട്ടയെന്ന് കോടിയേരി പറഞ്ഞിരുന്നു. ഇത് ശരി വയ്ക്കുന്നതരത്തില്‍ സാമുദായിക ഇടപെടല്‍ വീണ്ടും പാര്‍ട്ടിയില്‍ തലപൊക്കുകയും വിഭാഗീയതക്കിടയാക്കിയിരിക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: