തിരുവനന്തപുരം: സേവാഭാരതിയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ഒരു ലക്ഷം പേര് ഒരു കോടി ഫല വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്ന ഗ്രാമവൈഭവം പദ്ധതിക്ക് തുടക്കമായി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന് സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ഡി. പ്രസന്നമൂര്‍ത്തിക്ക് പ്ലാവിന് തൈ നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജ്ഭവന് അങ്കണത്തില്‍ നടാന്‍ സപ്പോട്ട തൈ ഗവര്‍ണര്‍ക്കും കൈമാറി.
സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞ ഗവര്‍ണര്‍ തനിക്കും സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ഡി.വിജയന്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ.രജ്ഞിത് ഹരി എന്നിവര്‍ സംബന്ധിച്ചു.
തെരഞ്ഞെടുത്ത അയ്യായിരം പ്രദേശങ്ങളിലാണ് ഗ്രാമവൈഭവം പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍, കലാസാംസ്ക്കാരിക പ്രവര്‍ത്തകര്‍, കര്‍ഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഗ്രാമവൈഭവം പരിപാടിയില്‍ അണിചേരും.
മാവ്, പ്ലാവ്, സപ്പോട്ട, നാരകം, പേര, ചാമ്പ, ഞാവല്‍, റംബൂട്ടാന്, മാങ്കോസ്റ്റിന്‍, മുരിങ്ങ, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകളാണ് നടുന്നത്.സമാജ ഉത്സവമായിട്ടാണ് ഈ നൂതനമായ പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: