ഓച്ചിറ: പരബ്രഹ്മക്ഷേത്രത്തിലെ അന്തേവാസികളായ ഭഗവാന്റെ നന്ദികേശന്മാരെ കശാപ്പുകാര്‍ക്ക് കൊടുത്ത സംഭവത്തില്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പ് വിശദീകരണം തേടി. കഴിഞ്ഞ റംസാന് തലേന്ന് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കാളകളെ കശാപ്പിന് വിറ്റ നടപടിയില്‍ പ്രതിഷേധം ശക്തമായതോടെയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.സി.മധു ജില്ലാ മൃഗസംരക്ഷണവകുപ്പ് മേധാവിയോട് വിശദീകരണം തേടിയത്. സംഭവത്തില്‍ പ്രഥമ ദൃഷ്ട്യാ പൈശാചികമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഭരണസമിതിയുടെ മനുഷ്യത്വ രഹിത നടപടിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നുള്ള വിലയിരുത്തലാണ് വകുപ്പിനുള്ളത്. മുമ്പും പലതവണ ക്ഷേത്രത്തിലെ നന്ദികേശന്മാരെ അറവിന് കൊടുത്ത സംഭവം ഉണ്ടായിരുന്നു. കാലങ്ങളായി ഭഗവത്ദാസന്മാരായാണ് ഭക്തര്‍ നന്ദികേശന്മാരെ നടയ്ക്കിരുത്തുന്നത്. അംഗവൈകല്യം ഉള്ളതും രോഗമുള്ളതുമായ കാളകളടക്കം ഇവിടുത്തെ അന്തേവാസികളാണ്. ക്ഷേത്ര പാരമ്പര്യമനുസരിച്ച് ഇവിടെ കാളകള്‍ക്ക് വളരെ ഏറെ പ്രാധാന്യമാണ് ഉള്ളത്. എന്നാല്‍ ചില തല്പര കക്ഷികള്‍ക്ക് ഭരണം ലഭിച്ചതോടെ ഓച്ചിറ പടനിലത്ത് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന പശുക്കിടാങ്ങളെയും കാളക്കുട്ടികളെയും ലേലം ചെയ്ത് ഒഴിവാക്കാന്‍ തുടങ്ങി.
ഹൈന്ദവ ആചാര്യന്മാരും പണ്ഡിതര്‍ അടക്കമുള്ളയാളുകളും ഇത് ആചാരത്തിനും വിശ്വാസത്തിനും എതിരാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയെ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിനു രൂപ വരുമാനമുള്ള ക്ഷേത്ര ഭരണ സമിതി ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ഭക്തജനങ്ങള്‍ നടയ്ക്കിരുത്തുന്ന നന്ദികേശന്മാരെ സുരക്ഷിതമായി പരിചരിക്കുവാനോ മഴയും വെയിലും ഏല്ക്കാതെ സംരക്ഷിക്കുവാനോ നാളിതുവരെ ഭരണ സമിതി മെനക്കെട്ടിട്ടില്ല. അടച്ചുറപ്പുള്ള ഒരു ഗോശാലയ്ക്കു വേണ്ടി വര്‍ഷങ്ങളായി വിശ്വാസികള്‍ ആവശ്യമുന്നയിച്ചു വരുന്നു.
പൊതുസംരക്ഷണയില് വളര്‍ത്തുന്ന വളര്‍ത്തുമൃഗങ്ങളെ അറവിനായി ലേലം ചെയ്യാന്‍ പാടില്ലന്നാണ് ചട്ടം. ഇത് മൃഗ സംരക്ഷണനിയമപ്രകാരം ജയില്‍ ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്. ഇവയുടെ സംരക്ഷണത്തിനൊപ്പം വേണ്ട സൗകര്യം ഉള്‍പ്പെടെ ഉണ്ടാക്കേണ്ടത് അധികൃതരുടെ ചുമതലയാണ്. എന്നാല്‍ ഓച്ചിറയിലെ സംഭവത്തില്‍ ഇതൊന്നും നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: