കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് വരുന്ന സ്ഥിരം യാത്രക്കാര്‍ക്ക് പാസ് അനുവദിക്കുന്നതിന് നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു അറിയിച്ചു.
ഇത് പ്രകാരം ജില്ലയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ‘എമര്‍ജന്‍സി’ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കാരണം വിവരിക്കുന്ന കോളത്തില്‍ ‘ഇന്റര്‍സ്റ്റേറ്റ് ട്രാവല്‍ ഓണ്‍ ഡെയ്ലി ബേസിസ്’ എന്ന് നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനകം എ.ഡി.എം അല്ലെങ്കില്‍ സബ് കളക്ടര്‍ പാസ് അനുവദിക്കും. ഇതിന് 28 ദിവസത്തെ സാധുതയുണ്ടായിരിക്കും.
ജില്ലയിലായിരിക്കുമ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായും കൃത്യമായും പാലിക്കണം. പാസ് അനുവദിക്കുന്നതിനനുസരിച്ച് മഞ്ചേശ്വരം തഹസില്‍ദാര്‍ അതിര്‍ത്തി ചെക്പോസ്റ്റില്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. യാത്രക്കാരനെ ചെക്പോസ്റ്റില്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. ഈ നടപടിക്രമങ്ങള്‍ ജില്ലയില്‍ നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും പൊതുവായി ബാധകമാണ്. ജില്ലയിലേക്ക് പ്രവേശിക്കുമ്പോഴും തിരിച്ച് പോകുമ്പോഴും രജിസ്റ്ററില്‍ രേഖപ്പെടുത്തും. മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ഈ നില തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: