വെള്ളന്നൂര്‍ (ചാത്തമംഗലം): തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളിലെ പ്രളയക്കെടുതിയില്‍ തകര്‍ന്നുപോയ കൃഷിക്കാര്‍ ഈ വര്‍ഷമെങ്കിലും വിളവെടുപ്പിലൂടെ ദുരിതമകറ്റാമെന്ന് കരുതിയപ്പോഴാണ് ഓര്‍ക്കാപ്പുറത്ത് ലോകം മാരകവൈറസിന്റെ പിടിയിലായത്. വാഴകൃഷിയില്‍ കേരളത്തിലെ തൃശ്ശിനാപ്പള്ളിയെന്ന് അറിയപ്പെടുന്ന ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂരിലെ നേന്ത്രവാഴകൃഷിക്കാര് ഇത്തവണ കണ്ണീര് പ്രളയത്തിലാണ്.
ഒമ്പത് മാസത്തെ കഠിനാധ്വാനത്തിന് ശേഷം വിളവെടുക്കാന്‍ പാകമായപ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്. വിദേശത്തേക്കും രാജ്യത്തിന്റെ പല ഭാഗത്തേക്കും കേരളത്തിലെ വിവിധ ജില്ലകളിലേക്കും കയറ്റി അയക്കേണ്ട വാഴക്കുലകളാണ് ആവശ്യക്കാരില്ലാതെ വെള്ളന്നൂരിലെ കൃഷിയിടത്തിലും സംഭരണ കേന്ദ്രത്തിലും പഴുത്തും അഴുകിയും ഇല്ലാതാവുന്നത്.
മൂന്നിലേറെ പതിറ്റാണ്ടിന്റെ പഴക്കമുണ്ട് വെള്ളന്നൂരിലെ നേന്ത്രവാഴകൃഷിക്ക്. ഗ്രാമത്തില്‍ മുന്നൂറോളം സജീവ കൃഷിക്കാര്‍. വെള്ളന്നൂരിനെ ചുറ്റിയൊഴുകുകയാണ് ചെറുപുഴ. പുഴയിലെ ലിഫ്റ്റ് ഇറിഗേഷനിലൂടെ ലഭിക്കുന്ന വെള്ളം, അനുകൂലമായ കാലാവസ്ഥ, ഫലഭൂയിഷ്ഠമായ മണ്ണ് ഇവയൊക്കെ വെള്ളന്നൂരിലെ നേന്ത്രവാഴ കൃഷിയെ ലാഭകരമാക്കിയിരുന്നു. എന്നാല്‍ എല്ലാ സ്വപ്നങ്ങളെയും കരയിക്കുകയാണ് തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളും ഇത്തവണത്തെ ലോക്ക്ഡൗണും. കിലോയ്ക്ക് 36 രൂപയ്ക്കു മുകളില്‍ നേന്ത്രക്കായ വില്ക്കാന് പാടില്ലെന്നാണ് ഭരണകൂടത്തിന്റെ ഉത്തരവ്.
അതോടെ കൃഷിയിടത്തില്‍ നേന്ത്രക്കായക്ക് കര്ഷകന് ലഭിക്കുന്നത് ഇരുപത് രൂപയുടെയും ഇരുപത്തിയഞ്ച് രൂപയുടെയും ഇടയില്‍ മാത്രം. പല ദിവസങ്ങളിലും കിട്ടിയ വിലക്ക് വില്‍ക്കേണ്ടിവന്നിട്ടുണ്ട്. സംഭരണ കേന്ദ്രങ്ങളില്‍ അഴുകി നശിക്കുന്നതിനേക്കാള്‍ എങ്ങനെയെങ്കിലും വിറ്റ് ഒഴിവാക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. വാഹന പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമായതോടെ മാസങ്ങളായി ജില്ലക്ക് പുറത്തേക്ക് നേന്ത്രക്കായ കയറ്റി അയക്കാനായിട്ടില്ല. വിവാഹവും ചടങ്ങുകളും നിലച്ചതോടെ വാഴയിലയും ആവശ്യക്കാരില്ലാതെ വാഴത്തോട്ടത്തില്‍ നശിക്കുകയാണ്.ഗള്‍ഫ് മേഖലകളിലേക്കടക്കം നേന്ത്രക്കായയും വാഴയിലയും ഇവിടെ നിന്ന് കയറ്റി അയച്ചിരുന്നു.
അഞ്ച് ലക്ഷത്തോളം വിളവെടുക്കാനായ വാഴയാണ് ഇത്തവണ വെള്ളന്നൂരില്‍ മാത്രമുണ്ടായിരുന്നത്. ചിപ്പ്സ് ഉണ്ടാക്കാനും നേന്ത്രക്കായ ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു. എന്നാല്‍ ഇത്തവണ അതും ഉണ്ടായില്ല. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ നേന്ത്രക്കായ സംഭരിച്ചിരുന്നു. മേട്ടുപ്പാളയം, കോട്ടയം, വള്ളിയൂര്‍ വാഴയിനങ്ങളാണ് ഇവിടെ കൃഷിചെയ്യുന്നത്. ഞാലിപ്പൂവന് കൃഷി ഏതാണ്ട് ഇല്ലാതായമട്ടാണ്. കേരളത്തിന് പുറത്ത് നിന്ന് വന്‍ തോതില്‍ ഇറക്കുമതിയുണ്ടായതോടെയാണ് ഞാലിപ്പൂവന് മാര്‍ക്കറ്റ് ഇല്ലാതായത്.
5000 കിലോ നേന്ത്രക്കായ ഹോര്ട്ടികോര്പ്പറേഷന് എടുക്കാമെന്ന് സമ്മതിച്ചതാണ് കര്‍ഷകരുടെ മുന്നിലെ ഏക പ്രതീക്ഷ. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷിക വികസന പദ്ധതികളെല്ലാം വെള്ളന്നൂരില്‍ നടപ്പാക്കുന്നുണ്ട്. വലിയ തുക പാട്ടത്തിന് നല്‍കിയാണ് പലരും കൃഷിചെയ്യുന്നത്. ഇത്തവണ പാട്ടക്കൂലിപോലും കിട്ടാത്ത സ്ഥിതിയാണുള്ളത്. മഴകനക്കുന്നതിന് മുമ്പ് അവശേഷിക്കുന്ന വാഴക്കുലകളെങ്കിലും വിറ്റുപോകണമെന്നാണ് ഇവരുടെ പ്രാര്‍ത്ഥന. ലക്ഷങ്ങള്‍ നഷ്ടപ്പെട്ട കൃഷിക്കാര്‍ക്ക് അടിയന്തിരമായ സഹായം ലഭിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ഇടപെടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: