പത്തനംതിട്ട: കൊറോണവൈറസ് ബാധിതരുടെ എണ്ണം ജില്ലയില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയെ കൊവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാ കേന്ദ്രമായി മാറ്റി. ഇന്നുമുതല്‍ ഇത് പ്രാവര്‍ത്തികമാകും എന്ന് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സാജന് മാത്യൂസ് അറിയിച്ചു. നേരത്തെയും ഈആശുപത്രിയെ കൊവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.
ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബത്തെയും ബന്ധുക്കളെയുമായി ഒന്‍പത് പേരെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചപ്പോഴായിരുന്നു ജനറല്‍ ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. പിന്നീട് രോഗബാധിതര്‍ രോഗമുക്തരായതോടെ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ പ്രവര്‍ത്തനം പുനരാരാംഭിച്ചിരുന്നു. എന്നാല്‍ ഓപ്പറേഷനുകള്‍ നടത്തിയിരുന്നില്ല.ശസ്ത്രക്രിയ ആവശ്യമായ മറ്റ് രോഗികളെ കോഴഞ്ചേരി, അടൂര്‍ ആശുപത്രികളിലേക്ക് വിടുകയായിരുന്നു.
ജില്ലയില്‍ രോഗബാധിതര്‍ വര്‍ദ്ധിക്കുകയും ജനറല്‍ ആശുപത്രിയില്‍ 25പേര് കൊറോണരോഗബാധിതരായി ചികിത്സയില്‍ കഴിയുകയും ചെയ്തോടെയാണ്ജനറല് ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാ കേന്ദ്രമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വീണ്ടും പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ അത്യാഹിതം, നെഞ്ച് വേദനയ്ക്കുള്ള കാത്ത് ലാബ്, ഡയാലിസിസ് വിഭാഗങ്ങള്‍ മാത്രമാണ് ഉണ്ടാവുക. സര്‍ജറി കൊവിഡ് രോഗികള്‍ക്ക് മാത്രം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നില തുടരും.
സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ഡോക്ടര്‍മാരെ ടെലിമെഡിസിനിലൂടെ രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ച് വരെ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: