കൊല്ലം: മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുമ്പേ അഞ്ചലിൽ വീണ്ടും കൊലപാതകം. ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചതായാണ് പ്രാഥമിക വിവരം.
അഞ്ചൽ ഇടമുളയ്ക്കൽ കൈപ്പള്ളി ജംഗ്ഷനിലെ വാടക വീട്ടിലെ താമസക്കാരായ സുനിലും(34) ഭാര്യ സുജിനിയുമാണ്(24) മരിച്ചത്. സുജിനിയെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ പാൽ വാങ്ങി മടങ്ങുന്ന സുനിലിനെ കണ്ടവരുണ്ട്. ഇതിന് ശേഷമാണ് വീട്ടിലെത്തി തൂങ്ങി മരിച്ചത്.
രാത്രിയിൽ സുനിലും സുജിനിയും തമ്മിൽ വഴക്കുണ്ടാവുകയും അടിയേറ്റ് സുജിനി വീണതാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ തറയിൽ സുജിനിയെ മരിച്ച നിലയിൽ കണ്ടതുകൊണ്ടാകും സുനിൽ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് കരുതുന്നത്. അഞ്ചൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ഫോറൻസിക്- ഫിംഗർപ്രിന്റ് വിഭാഗങ്ങൾ എത്തി, ഇൻക്വിസ്റ്റിന് ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളൂ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും. അഞ്ചൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊട്ടാരക്കര ഡിവൈ.എസ്.പി നസറുദ്ദീനും സ്പെഷ്യൽ അന്വേഷണ ടീമും ഇവിടേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: