മലപ്പുറം: ക്വാറന്റീന് കാലാവധി കഴിഞ്ഞ് മഞ്ചേരിയില്‍ നിന്ന് ഒറ്റപ്പാലത്തേക്കു ടാക്സി വിളിച്ചു പോയ ആള് ഡ്രൈവറെ കബളിപ്പിച്ചു മുങ്ങി. തിങ്കളാഴ്ചയാണ് സംഭവം. മഞ്ചേരി നഗരസഭയുടെ ക്വാറന്റീന് കേന്ദ്രത്തില്‍ നിന്നാണ് വാഹനം ആവശ്യപ്പെട്ട് വിളി എത്തിയതെന്ന് പെരിന്തല്‍മണ്ണ സ്വദേശിയായ ഡ്രൈവര്‍ പറയുന്നു.
കേന്ദ്രത്തില്‍ 14 ദിവസം ക്വാറന്റീന് പൂര്‍ത്തിയാക്കിയ കണ്ണൂര്‍ സ്വദേശിക്ക് വീട്ടില്‍ പോകാനാണെന്ന് പറഞ്ഞാണ് വിളിച്ചത്. വാഹനവുമായി ഡ്രൈവര്‍ കോഴിക്കോട് റോഡിലെ കേന്ദ്രത്തിലെത്തി. കണ്ണൂരില്‍ പോകുന്നതിന് മുമ്പ് ഒറ്റപ്പാലത്ത് സുഹൃത്തിന്റെ അടുത്തു പോകണമെന്ന് ആവശ്യപ്പെട്ടു. രാവിലെ 10.30ന് യാത്ര തുടങ്ങി. പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോള്‍ ഫോണ്‍ നന്നാക്കാനുണ്ടെന്നു പറഞ്ഞ് കടയില്‍ കയറി തിരിച്ചെത്തി.
ഒറ്റപ്പാലത്ത് എത്തിയപ്പോള്‍ ബാങ്കിലെ സുഹൃത്തിനെ കണ്ടുവരാമെന്നു പറഞ്ഞ് ഇറങ്ങി. പഴയ വസ്ത്രങ്ങള്‍ വാഹനത്തില്‍ വച്ചിരുന്നു. തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും ആളെ കണ്ടില്ല. ടാക്സി വിളിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ക്വാറന്റീനില്‍ കഴിയുന്ന മറ്റൊരാളുടെ ഫോണ്‍ വാങ്ങിയാണ് വിളിച്ചതെന്ന് അറിഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: