കുറ്റ്യാടി: വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ബാനറില്‍ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സ്കൂളില്‍ എന്നും വൈകി എത്തുന്ന അധ്യാപകന്റെ മാനസിക സംഘര്‍ഷങ്ങള്‍ വളരെ ലളിതമായി വരച്ചുകാട്ടുകയാണ് ചിത്രത്തില്‍.
അപകടങ്ങള്‍ തുടര്‍ക്കഥയായ അനവധി പേരെ മരണത്തിലേക്ക് നയിച്ച കൂളിവളവ് കടന്ന് സ്കൂളിലേക്ക് വരാന്‍ ഭയപ്പെടുന്ന അധ്യാപകനും ഒരു ഭയവും ഇല്ലാതെ ഒരു കുട്ടി സൈക്കിളില്‍ വളവ് കടന്നു വരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അകാരണമായ ഭയമല്ല ശ്രദ്ധയും കരുതലുമാണ് നമുക്ക് വേണ്ടതെന്ന സന്ദേശമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രം നല്‍കുന്നത്. വിദ്യാരംഗം കലാ സാഹിത്യവേദി കുന്നുമ്മല്‍ ഉപജില്ലാ കമ്മിറ്റിയാണ് ‘വളവ്’ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ജയന് തിരുമനയുടെതാണ് കഥ. കൊടുവള്ളി ഉപജില്ലയിലെ പുന്നശ്ശേരി എയുപി സ്കൂള്‍ അധ്യാപകന് വിനോദ് പാലങ്ങാടാണ് ചിത്രത്തിന്റെ സംവിധാനവും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അധ്യാപകനെയും അവതരിപ്പിച്ചിരിക്കുന്നത്. നിട്ടൂര്‍ എല്‍പി സ്കൂള്‍ അധ്യാപകന് പി.പി.ദിനേശനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രസാദ് ശങ്കര്‍ ക്യാമറയും വീഡിയോയും, പ്രശാന്ത് ശങ്കര്‍ സംഗീതസംവിധാനവും നിര്‍മ്മിച്ച ചിത്രത്തില്‍ നരിപ്പറ്റ ആര്‍എന്‍എം ഹയര്‍ സെക്കന്‍ഡറി ചിത്രകലാ അധ്യാപകന് വേണു ചീക്കോന്നാണ് ചിത്രത്തിന്റെ ചമയം നടത്തിയിരിക്കുന്നത്.
സുര്‍ജിത്ത് കിനാലൂര്‍ ചിത്രത്തിന്റെ സാങ്കേതിക സഹായം. വട്ടോളി നാഷണല്‍ എച്ച്എസ്എസിലെ വി.വിജേഷ്, കുറ്റ്യാടി എംഐയുപി സ്കൂളിലെ ഷിജിന ഗിരീഷ്, റിട്ട. അധ്യാപിക കെ.കല്യാണി, നാദാപുരം ഗവ.യുപി സ്കൂളിലെ വി.കെ.ബിന്ദു, വട്ടോളി നാഷണല്‍ ഹൈസ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ജെ.വിഷ്ണുനന്ദ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: