പാലക്കാട്: വിക്‌ടേഴ്‌സ് ചാനലിലെ ഫസ്റ്റ്‌ബെല്ലും ഓണ്‍ലൈന്‍ അധ്യയനത്തിന്റെ ആഘോഷങ്ങളും അറിയാതെ അവര്‍ക്കിപ്പോഴും അവധിക്കാലം. അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ സ്‌കൂള്‍ തുറന്നതോ പഠനം തുടങ്ങിയതോ അറിഞ്ഞിട്ടില്ല. 5300 വനവാസി വിദ്യാര്‍ത്ഥികളാണ് അട്ടപ്പാടിയിലുള്ളത്. ഇവരില്‍ പകുതിപേര്‍ മറ്റു ജില്ലകളിലെ ഹോസ്റ്റലുകളില്‍ താമസിച്ചാണ് പഠിക്കുന്നത്.
ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ടിവിയും വൈദ്യുതിയും ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങി രണ്ടു ദിവസം പിന്നിടുമ്പോഴും അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ അട്ടപ്പാടിയില്‍ വൈദ്യുതി മുടങ്ങി. ഇതോടെ ടിവിയുള്ള വീടുകളിലെ കുട്ടികള്‍ക്കും പഠിക്കാനായില്ല.
ഗോത്രമേഖലയായ കുറുംബ ഊരില്‍ മാത്രം അഞ്ഞൂറോളം വിദ്യാര്‍ഥികളുണ്ട്. യാതൊരു സൗകര്യങ്ങളുമില്ലാത്തതിനാല്‍ ഇവരെല്ലാം മറ്റു ജില്ലകളിലെ ട്രൈബല്‍ ഹോസ്റ്റലുകളിലാണ് പഠിക്കുന്നത്. ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഹോസ്റ്റലിലേക്ക് തിരികെ പോകാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ മൊബൈലിനു റേഞ്ചില്ല. കാലവര്‍ഷം തുടങ്ങിയാല്‍ മിക്കദിവസങ്ങളിലും വൈദ്യുതി മുടങ്ങുമെന്നതിനാല്‍ ടിവിയുള്ള രക്ഷിതാക്കളും ആശങ്കയിലാണ്. ടിവിയുള്ള വീടുകളില്‍ വിക്ടേഴ്‌സ് ചാനല്‍ ലഭിക്കുന്നില്ല പരാതിയുമുണ്ട്.
നിലവില്‍ ട്രയല്‍ റണ്‍ ആണെന്നും ഈ മാസം എട്ടു മുതല്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാകുമെന്നാണ് ട്രൈബല്‍വകുപ്പ് അധികൃതര്‍ പറയുന്നത്. പതിനെട്ട് സാമൂഹിക പഠനമുറികളാണ് അട്ടപ്പാടിയിലുള്ളത്. ഇതിനു സമീപമുള്ള ഊരുകളിലെ കുട്ടികളെ ഇവിടെയെത്തിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതിനു സൗകര്യമില്ലാത്ത വിദൂര ഊരുകളില്‍ ബിആര്‍സിയുമായി സഹകരിച്ച് റെക്കോര്‍ഡ് ചെയ്ത പാഠഭാഗങ്ങള്‍ ലാപ്‌ടോപ്പ് വഴി പ്രദര്‍ശിപ്പിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. വിദൂര ഊരുകളില്‍ എത്തിപ്പെടാന്‍ അസൗകര്യമുണ്ട്. ഓരോ ഊരുകളും തമ്മില്‍ നല്ല അകലവും. കിലോമീറ്ററുകള്‍ നടന്ന് വിദ്യാര്‍ഥികള്‍ വരുമോയെന്ന കാര്യത്തിലും ഉറപ്പില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക