ആത്മതത്വോപദേശം തുടരുന്നു ഭ്രാന്തി ഉള്ള കാലത്തോളമാണ് ജീവഭാവം നിലനില്‍ക്കുക. ഞാന്‍ ആത്മാവാണെന്ന സ്വസ്വരൂപ ബോധമില്ലാത്തതാണ് അജ്ഞാനത്തിനും ഭ്രമത്തിനും കാരണമാകുന്നത്. അതുമൂലം ഞാന്‍ ദേഹമാണ്, ഞാന്‍ മനസ്സാണ് എന്നിങ്ങനെയുള്ള മിഥ്യാ ജ്ഞാനം അഥവാ വിപരീത ജ്ഞാനം ഉണ്ടാകും. വിഷയങ്ങളുമായി ബന്ധപ്പെടുമ്പോള്‍ ഞാന്‍ കര്‍ത്താവാണ് ഭോക്താവാണ് എന്നീ അഭിമാനങ്ങളും വന്നു ചേരും. ഇതെല്ലാം കൂടിച്ചേര്‍ന്നതാണ് ജീവന്‍. തെറ്റിദ്ധാരണയില്‍ നിന്നാണ് ഇതെല്ലാം ഉണ്ടായത് എന്നതിനാല്‍ അതുള്ള അത്രയും കാലം ജീവഭാവവും ഉണ്ടാകും.
ഇതിനെ വളരെ നന്നായി മനസ്സിലാകാന്‍ വേണ്ടിയാണ് കയര്‍ പാമ്പ് ഉദാഹരണം പറഞ്ഞത്. കണ്ടത് കയറാണെന്ന് ഉറപ്പ് വരാത്തിടത്തോളം കാലം അത് പാമ്പാണെന്ന് കരുതാന്‍ ഇടയുണ്ട്. മനസ്സിലെ വിഭ്രാന്തി മൂലമാണ് കയറില്‍ പാമ്പിനെ കണ്ടത്. ഭ്രമം നീങ്ങിയില്‍ പാമ്പില്ല. കയറാണ് അതെന്ന് ഉറപ്പാല്‍ പിന്നെ അവിടെ പാമ്പ് ഉണ്ടെന്ന് തോന്നുകയേ ഇല്ല. മുമ്പും കണ്ട സമയത്തും ഇനിയും അത് കയര്‍ തന്നെയാണ്.
വാസ്തവം തിരിച്ചറിയാന്‍ ഭ്രമം നീങ്ങുക തന്നെ വേണം. വെളിച്ചം വരുമ്പോള്‍ അത് കയര്‍ തന്നെയെന്ന് ബോധ്യമാകുന്നതു പോലെ അറിവിന്റെ വെളിച്ചത്തില്‍ ആത്മസ്വരൂപമാണ് താന്‍ എന്ന യാഥാര്‍ത്ഥ്യത്തെ അറിഞ്ഞ് അനുഭവമാക്കണം.ആത്മസാക്ഷാത്കാരം ലഭിക്കുന്ന കാലം വരെ ഈ സംസാരം സത്യമെന്ന പോലെ തോന്നിക്കും. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതാണ്. കയറില്‍ ഭ്രമം മൂലം പാമ്പാണെന്ന് കരുതിയ പോലെയാണ് ഇതും. പാമ്പ് ഒരിക്കലും അവിടെ ഉണ്ടായിരുന്നില്ല.കയര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതുപോലെ അധിഷ്ഠാനമായ ബ്രഹ്മം മാത്രമാണ് എന്നും ഉള്ളത്.
കയറിനെ പാമ്പെന്ന് തെറ്റിദ്ധരിച്ചപ്പോഴും കയര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ഒരു മാറ്റവും വന്നുമില്ല. ജഗത്ത് ഉള്ളതു പോലെ തോന്നിക്കുമ്പോഴും ബ്രഹ്മം മാത്രമേയുള്ളൂ. ജഗത്ത് ഉണ്ടെന്നും വാസ്തമെന്നും തോന്നിച്ചത് അജ്ഞാനം മൂലമാണ് അഥവാ ഭ്രമം കാരണമാണ്. ശരീര മനോബുദ്ധികള്‍ക്ക് അനുഭവമാകുന്നതിനാലാണ് തെറ്റിദ്ധാരണയുണ്ടായത്. എന്നാല്‍ ജഗത്തിന്റെ ആധാരമായ പരമാത്മാവ് ഇവയെ കൊണ്ട് അറിയാത്തതുമാണ്.
ആത്മജ്ഞാന അനുഭവത്തില്‍ ജഗത്ത് ഉണ്ടെന്ന തോന്നല്‍ പാടെ നീങ്ങും. ജ്ഞാനത്താല്‍ അജ്ഞാനം നശിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഭ്രമമുള്‍പ്പടെ എല്ലാം തീരും. ആരോപിക്കപ്പെട്ടതിന്റെയോ കല്പിക്കപ്പെട്ടതിന്റെ നാശമെന്ന് പറയുമ്പോള്‍ അത് അധിഷ്ഠാനം മാത്രമേയുള്ളൂ എന്ന് അനുഭവമാകലാണ്. അതാണ് ആത്മസാക്ഷാത്കാരം. അത് നാം ആയി നമ്മില്‍ തന്നെ ഉള്ളതാണ്. അത് സ്വതസിദ്ധമാണ്, സഹജമാണ് എന്ന് അറിയണം. അതിലേക്ക് നമ്മെ തയ്യാറാക്കാന്‍, മനസ്സിനെ അന്തര്‍മുഖമാക്കാന്‍ ഗുരുവും ശ്രുതി വാക്യങ്ങളും സാധനയും സ്വാദ്ധ്യായവുമൊക്കെ സഹായിക്കും. ശുദ്ധമായ അന്തഃകരണത്തില്‍ ആത്മതത്ത്വം തെളിഞ്ഞ് വിളങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: